കിഫ്ബി സി.ഇ.ഒക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍. യെസ് ബാങ്കിൽ 250 കോടി രൂപ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിനെതിരെ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി എം.പി ജാവേദ് അലിഖാന്റെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രാലയമാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. കിഫ്ബിയുമായി ബന്ധപ്പെട്ട് അഞ്ച് ചോദ്യങ്ങളാണ് ജാവേദ് അലിഖാന്‍ രാജ്യസഭയില്‍ ചോദിച്ചത്. ഇതില്‍ രണ്ട് ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ധനസഹമന്ത്രി അനുരാഗ് താക്കൂര്‍ ആണ് മറുപടി നല്‍കിയത്. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ല എന്നും ധനമന്ത്രാലയം അറിയിച്ചു.
അതെ സമയം തങ്ങള്‍ക്ക് ഇത് സംബന്ധിച്ച നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്ന് കിഫ്ബി അറിയിച്ചു. മുന്തിയ റേറ്റിങ് ഉണ്ടായിരുന്ന സമയത്താണ് യെസ് ബാങ്കില്‍ പണം നിക്ഷേപിച്ചതെന്നും 2018 ന് ശേഷം യെസ് ബാങ്കില്‍ നിക്ഷേപം നടത്തിയിട്ടില്ലെന്നും കിഫ്ബി അറിയിച്ചു. അന്വേഷണത്തെ കുറിച്ച് ഒന്നുമറിയില്ലെന്നും കെ.എം എബ്രഹാം പറഞ്ഞു.
നേരത്തെ തകർന്നു കൊണ്ടിരിക്കുന്ന ന്യൂജനറേഷൻ ബാങ്കായ യെസ് ബാങ്കിൽ കിഫ്ബി 268 കോടി രൂപ നിക്ഷേപിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള പ്രതിപക്ഷത്തുള്ളവര്‍ രംഗത്തുവന്നിരുന്നു. തങ്ങൾ വിലക്കിയിട്ടും ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും അത് ചെവിക്കൊണ്ടില്ലെന്നും യെസ് ബാങ്കിൽ നിക്ഷേപിച്ച പണം ഇപ്പോൾ നഷ്ടപ്പെട്ട അവസ്ഥയിലാണെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. ഇത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.