മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനത്തിൽ നിന്ന് തെറിച്ചുവീണ 25 കാരിയായ വനിതാ ഡോക്ടർ ട്രക്ക് ഇടിച്ച് മരിച്ചു. ഭിവണ്ടി-വാഡ റോഡിൽ ഇന്നലെ രാത്രി 10.30 നാണ് സംഭവം. അടുത്ത മാസം വിവാഹിതയാകാനിരുന്ന കുടുസ് ഗ്രാമവാസിയായ നിദ ഷെയ്ഖിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഗണേശ്പുരി പൊലീസ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.
ബന്ധുവായ ഷബാൻ (25) ഓടിച്ചിരുന്ന സ്കൂട്ടിയുടെ പിന്‍സീറ്റിലായിരുന്നു നിദ. വിവാഹവുമായി ബന്ധപ്പെട്ട് ചില സാധനങ്ങള്‍ വാങ്ങാന്‍ പോയ ശേഷം ഷാബാൻ നിദയെ വീട്ടിലേക്ക് കൊണ്ടുവിടാന്‍ പോകുകയായിരുന്നു. ദുഗഡ് ജംഗ്ഷന് സമീപമുള്ള ഒരു കുഴിയിൽ വീണ സ്കൂട്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇരുവരും വാഹനത്തിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. പിന്നില്‍ നിന്നും അമിത വേഗതയിൽ എത്തിയ ഒരു കണ്ടെയ്നർ ട്രക്കിന്റെ ചക്രങ്ങൾക്കടിയിൽ പെട്ട നിദ തത്ക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു. ഷബാന്റെ കൈയ്ക്കും കാലിനും പരിക്കേറ്റു. ട്രക്ക് നിര്‍ത്താതെ പോയെന്നും അതിന്റെ നമ്പർ പ്ലേറ്റ് ഇരുട്ടിൽ കാണാന്‍ കഴിഞ്ഞില്ലെന്നും ഷബാന്‍ പൊലീസിനോട് പറഞ്ഞു.
പൊലീസ് കൺട്രോൾ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ആംബുലൻസില്‍ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നിദ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിനെതിരെയും റോഡിന്റെ നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കും ഉത്തരവാദികളായ കമ്പനിക്കെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.