India National

കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷിയ്ക്കാനുള്ള തീവ്ര ശ്രമം തുടരുന്നു; രക്ഷാപ്രവര്‍ത്തനം 61 മണിക്കൂര്‍ പിന്നിട്ടു

തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരൻ സുജിത്തിനെ രക്ഷിയ്ക്കാനുള്ള തീവ്ര ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനം 61 മണിക്കൂര്‍ പിന്നിട്ടു. സമാന്തരമായി കിണര്‍ നിര്‍മിക്കുന്നതിന് കാഠിന്യമേറിയ പാറ വെല്ലുവിളിയാകുന്നു. മറ്റ് മാര്‍ഗങ്ങള്‍ കൂടി തേടുകയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

ഇന്നലെ പുലർച്ചെ നെയ് വേലിയിൽ തുരങ്ക നിർമാണത്തിനായി കൊണ്ടുവന്ന യന്ത്ര സാമഗ്രികൾ മണപ്പാറയിൽ എത്തിച്ച് ഒരു മീറ്റർ വ്യാസത്തിലുള്ള കുഴിയുടെ നിർമാണം ആരംഭിച്ചിരുന്നു. എന്നാൽ പാറയുള്ളത് തിരിച്ചടിയായി. തുടർന്ന് വൈകിട്ടോടെ മറ്റൊരു യന്ത്രം കൂടി എത്തിച്ചാണ് രക്ഷാപ്രവർത്തനം തുടരുന്നത്. എൺപത് അടി താഴെയാണ് കുട്ടി ഉള്ളത്. സമീപത്തായി നൂറടി താഴ്ചയിൽ കുഴിയെടുത്ത് അതിലൂടെ ചെന്ന് സുജിത്തിനെ രക്ഷപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമം. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷനിലെ വിദഗ്ധരും കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണ സേനകളും അഗ്നിശമന സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം തുടരുന്നത്. 25 ന് വൈകീട്ട് ആറ് മണിയോടെയാണ് കളിച്ചു കൊണ്ടിരിക്കെ സുജിത്ത് കുഴൽക്കിണറിൽ വീണത്.