India National

263 കോടി മുടക്കി എട്ട് വര്‍ഷം കൊണ്ട് പണിത പാലം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തകര്‍ന്നു; തകര്‍ന്നത് അതിനടുത്തുള്ള ഏതോ സ്ലാബാണെന്ന് സര്‍ക്കാര്‍

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് സത്തര്‍ ഘാട്ട് പാലത്തിന്റെ ഒരു ഭാഗം മുഴുവനായും തകര്‍ന്നടിയുകയായിരുന്നു

263 കോടി രൂപ ചെലവില്‍ പണിത പാലം ഉദ്ഘാടനം ചെയ്ത് ഒരു മാസം തികയും മുമ്പെ തകര്‍ന്നു വീണു. ബിഹാറിലെ പട്നയിൽ നിന്ന് 150 കിമീ അകലെ സ്ഥിതി ചെയ്യുന്ന ഗോപാൽഗഞ്ചിലെ സത്തർ ഘാട്ട് പാലമാണ് തകർന്നത്. ഗോപാല്‍ഗഞ്ചിലെ ഗന്ധക് നദിക്കു കുറുകെ പണിത പാലം ഒരു മാസം മുമ്പാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തത്. പൊളിഞ്ഞ പാലത്തിന്‍റെ ദൃശ്യങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമത്തില്‍ പരക്കുന്ന ഈ സാഹചര്യത്തിലും പാലത്തിന് ഒരു കേടുപാടുകളും സംഭവിച്ചിട്ടില്ല എന്നാണ് ബിഹാര്‍ സര്‍ക്കാര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് സത്തര്‍ ഘാട്ട് പാലത്തിന്റെ ഒരു ഭാഗം മുഴുവനായും തകര്‍ന്നടിയുകയായിരുന്നു. കഴിഞ്ഞ നാല് ദിവസമായി ബീഹാറില്‍ കനത്ത മഴയാണ്. എട്ട് വര്‍ഷം മുമ്പാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍, പാലം തകര്‍ന്നിട്ടില്ലെന്നും പാലം എത്തുന്നതിന് 2 കിലോമീറ്റര്‍ മുമ്പുള്ള സ്ലാബാണ് തകര്‍ന്നതെന്നും ബിഹാര്‍ റോഡ് കണ്‍സ്ട്രക്ഷന്‍ മന്ത്രി നന്ദ കിഷോര്‍ യാദവ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

“263 കോടി രൂപ ചെലവില്‍ എട്ട് വര്‍ഷം കൊണ്ട് പണിത പാലം വെറും 29 ദിവസം കൊണ്ടാണ് തകര്‍ന്നത്. അഴിമതിയുടെ ഭീഷ്മാചാര്യനായ നിതീഷ്‌കുമാര്‍ ഇതേ കുറിച്ച് ഒരുവാക്ക് പോലും ഉച്ചരിക്കില്ല. ബിഹാറിലെങ്ങും കൊള്ളയടി മാത്രമാണ്.” എന്നാണ് പ്രതിപക്ഷത്തുള്ള ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചത്. നിതീഷ്‌കുമാറിന്റെ ഭരണത്തിനു കീഴില്‍ പാലങ്ങള്‍ തകരുന്നത് നിത്യ സംഭവമായിരിക്കുകയാണ്.

പാലം പണി പൂര്‍ത്തിയാവുന്നതിനു മുമ്പാണോ രാഷ്ട്രീയ ലാഭത്തിനായി അദ്ദേഹം പാലം ഉദ്ഘാടനം ചെയ്തതതെന്ന് ചോദിച്ച തേജസ്വി യാദവ് നിര്‍മ്മാണ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും ‌ആവശ്യപ്പെട്ടു. 1.4 കിലോമീറ്റര്‍ നീളമുള്ള പാലം ഗോപാല്‍ഗഞ്ച് – ഈസ്റ്റ് ചമ്പാരന്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. ജൂണ്‍ 16നാണ് 1.4 കിമീറ്റര്‍ നീളുള്ള പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്.