മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് വീണു രണ്ട് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീവന്തിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്.
ഭീവന്തിയിലെ ശാന്തിനഗര്‍ പ്രദേശത്തുള്ള നാല് നില കെട്ടിടമാണ് തകര്‍ന്നുവീണത്. നാലോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പത്ത് പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. കെട്ടിടമാകെ ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നുവെന്ന് ഭീവന്തി-നിസാംപൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ അശോക് രങ്കാപ് പറഞ്ഞു.
കെട്ടിടം ചിലപ്പോള്‍ നിലംപതിച്ചേക്കുമെന്ന് അവിടുത്തെ ആളുകള്‍ തന്നെ അറിയിച്ച പ്രകാരമാണ് ഉദ്യോഗസ്ഥരെ കൂട്ടി താന്‍ സംഭവസ്ഥലത്തെത്തിയതെന്ന് അശോക് പറഞ്ഞു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടയില്‍ കുറച്ചു പേര്‍ ലഗ്ലേജ് എടുക്കുന്നതിനായി അകത്തേക്ക് കയറിയപ്പോഴാണ് അപകടം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. എട്ട് വര്‍ഷം പഴക്കമുള്ള കെട്ടിടം അനധികൃതമായി നിര്‍മ്മിച്ചതാണെന്നും അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു.