മധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് 16 മന്ത്രിമാർ രാജിവെച്ചു. ജ്യോതിരാദിത്യ സിന്ധ്യയുടെ പക്ഷത്തുള്ള എം.എൽ.എമാർക്ക് മന്ത്രിസ്ഥാനം നൽകി കൊണ്ട് പ്രശ്നം പരിഹരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് മുഖ്യമന്ത്രി കമല്‍നാഥ്. സിന്ധ്യയെ മധ്യപ്രദേശ് പി.സി.സി അധ്യക്ഷനാക്കി പ്രശ്നം പരിഹരിക്കുമെന്നും സൂചനയുണ്ട്.
ജ്യോതിരദിത്യ സിന്ധ്യ പക്ഷത്തുള്ള 6 മന്ത്രിമാർ ഉൾപ്പടെ 18 എം.എൽ.എമാർ കർണാടകയിലേക്ക് പോയതോടെയാണ് തിരക്കിട്ട നീക്കങ്ങൾ കമൽനാഥ് ക്യാമ്പിൽ നിന്നുണ്ടായത്. 16 മന്ത്രിമാർ രാജിവെച്ച് പകരം പുതിയ ആളുകളെ നിയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ മാസം 25നാണ് രാജ്യസഭാ എം.പിമാരെ തെരഞ്ഞെടുക്കേണ്ടത്. ആ സമയത്ത് എം.എൽ.എമാർ സഭയിൽ ഇല്ലെങ്കിൽ ബി.ജെ.പിക്ക് വലിയ നേട്ടമുണ്ടാകും. ഇതോടെയാണ് പ്രശ്ന പരിഹാരം ഉണ്ടാക്കാനുള്ള ശ്രമം കമൽനാഥും ദിഗ്‍വിജയ് സിങ്ങും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ തുടങ്ങിയത്.
ഡൽഹിയിലുള്ള ജ്യോതിരാദിത്യ സിന്ധ്യയോട് ഹൈക്കമാൻഡ് ആശയ വിനിമയം നടത്തി. തുടരെ തുടരെ എം.എൽ.എമാർ സമ്മർദ്ദം ഉണ്ടാക്കുന്നത് സർക്കാറിന് വലിയ തലവേദന ആയിരിക്കുകയാണ്. ഒരാഴച മുൻപ് ഹരിയാനായിലേക്ക് 8 എം.എല്‍.എമാർ മാറി നിന്നു എങ്കിലും മുതിർന്ന നേതാക്കൾ ഇടപെട്ട് ഇവരെ തിരികെ എത്തിക്കുകയായിരുന്നു.
ഈ മാസം 16ന് നടക്കുന്ന നിയമസഭ സമ്മേളനത്തിൽ കമൽനാഥ് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബി.ജെ.പിയുടെ നീക്കം. അതേസമയം മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.