India National

ബംഗളൂരു – മംഗളൂരു ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു

ബംഗളൂരു – മംഗളൂരു ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുമകുരു ജില്ലയിലെ കുനിഗല്‍ എന്ന സ്ഥലത്തിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ദേശീയപാത 75ല്‍ എസ്.യു.വി മറ്റൊരു കാറിലിടിച്ചാണ് അപകടമുണ്ടായത്. കാറുകള്‍ അമിതവേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ 10 പേര്‍ തമിഴ്നാടിലെ കൃഷ്ണഗിരി സ്വദേശികളും മൂന്ന് പേര്‍ ബംഗളൂരു സ്വദേശികളുമാണ്. മരിച്ചവരില്‍ നാല് സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്. ഇരു വണ്ടികളുടെയും ഡ്രൈവര്‍മാരും മരിച്ചു.

10 പേര്‍ ധര്‍മസ്ഥലയില്‍ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്നു. മൂന്ന് പേര്‍ ബംഗളൂരുവില്‍ നിന്ന് ധര്‍മസ്തലയിലേക്കും. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം രണ്ട് മണിക്കൂറോളം സ്തംഭിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.