India National

ബംഗാളിൽ അക്രമം അഴിച്ചുവിട്ട് ബി.ജെ.പി; 13 പ്രവർത്തകർ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അസൻസോൾ, റാണാഘട്ട് നഗരങ്ങളിലുണ്ടായ അക്രമ സംഭവങ്ങളിൽ നിരവധി ബി.ജെ.പി പ്രവർത്തകർ പിടിയിൽ. അസൻസോളിൽ ബി.ജെ.പിയുടടെ മുനിസിപ്പൽ കോർപറേഷൻ ഉപരോധം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. 13 ബി.ജെ.പി പ്രവർത്തകർ അറസ്റ്റിലായി. റാണാഘട്ടിൽ പരസ്പരം ഏറ്റുമുട്ടിയ ടി.എം.സി.പി – എ.ബി.വി.പി പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി.

അസൻസോളിൽ രണ്ട് ബാരിക്കേഡുകൾ ഭേദിച്ചാണ് മുനിസിപ്പൽ കോർപറേഷൻ ഓഫീസിലേക്ക് ബി.ജെ.പി മാർച്ച് നടത്തിയത്. കോർപറേഷൻ ഓഫീസിനു സമീപം പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് ബി.ജെ.പി പ്രവർത്തകർ തങ്ങൾക്കു നേരെ ചില്ലുകുപ്പികൾ എറിയുകയും അക്രമം അഴിച്ചുവിടുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. മാർച്ച് നടത്താൻ ബി.ജെ.പിക്ക് അനുമതി നൽകിയിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.

പൊലീസും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ചേർന്ന് തങ്ങളുടെ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നുവെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ലകാഹൻ ഘോറോയ് പറഞ്ഞു. അസൻസോൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് ധ്രുതകർമ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്.

തൃണമൂലിന്റെയും ബി.ജെ.പിയുടെയും വിദ്യാർത്ഥി വിഭാഗങ്ങളാണ് റാണാഘട്ട് കോളേജിൽ ഏറ്റുമുട്ടിയത്. പുറത്തുനിന്നുള്ള പ്രവർത്തകരുമായി എ.ബി.വി.പി ക്യാംപസിലേക്ക് അക്രമിച്ചു കയറുകയായിരുന്നുവെന്നും സെക്യൂരിറ്റി ഗാർഡിനെ മർദിച്ചതായും ടി.എം.സി.പി ആരോപിച്ചു.