പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനായി ഒഡീഷയില്‍ 1000 മരങ്ങള്‍ മുറിച്ചു മാറ്റി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി താല്‍ക്കാലിക ഹെലിപ്പാട് നിര്‍മ്മിക്കാനായാണ് 1000 വൃക്ഷങ്ങള്‍ മുറിച്ചുമാറ്റിയത്. ഒഡീഷയിലെ ബലാങ്കിര്‍ പ്രദേശമാണ് ഹെലിപ്പാടിനായി വെട്ടിവെളുപ്പിച്ചത്. ഖുര്‍ദ- ബലാങ്കിര്‍ റെയില്‍വേ ലൈനിന്റെ ഫ്ലാഗ് ഓഫ് ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ഒഡീഷയിലെ ബലാങ്കിറിലെത്തുന്നത്. സംഭവം വിവാദമായതോടെ വിവിധ വകുപ്പുകള്‍ പരസ്പരം പഴിചാരുകയാണ്. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് പ്രദേശം വെട്ടി തെളിച്ചതെന്ന് ബലാങ്കിര്‍ വനം വകുപ്പ് ഡിവിഷനല്‍ ഓഫീസര്‍ സമീര്‍ സത്പതി മാധ്യമങ്ങളോട് പറഞ്ഞു. മരം വെട്ടുന്നത് തടയാന്‍ ശ്രമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരോട് ഉയര്‍ന്ന ഉദ്യോഗസ്ഥ വകുപ്പുകളുടെ അനുമതിയിലാണ് വെട്ടുന്നതെന്നായിരുന്നു അധികാരികളുടെ മറുപടി.
ഈസ്റ്റ് കോസ്റ്റ് റെയില്‍വേയുടെ കൈവശമാണ് സ്ഥലമെന്നും പക്ഷെ സ്ഥലത്തെ മരങ്ങള്‍ വെട്ടിയത് പി.ഡബ്ല്യൂ.ഡിയാണ് എന്നുമാണ് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞത്. ആരാണ് മരങ്ങള്‍ വെട്ടിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് പി.ഡബ്ല്യൂ.ഡിയുടെ ഭാഷ്യം.
നഗര ഹരിതവല്‍ക്കരണ പരിപാടിയുടെ ഭാഗമായായിരുന്നു റെയില്‍വേയുടെ 2.25 ഹെക്ടര്‍ ഭൂമി മുന്‍പ് മരങ്ങള്‍ വെച്ചു പിടിപ്പിച്ചിരുന്നത്. ഇതില്‍ 1.5 ഹെക്ടറിലെയും മരങ്ങള്‍ വെട്ടി വെളുപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഹെലിക്കോപ്ടര്‍ ഇറക്കാന്‍ വേറെ സ്ഥലമില്ല എന്നായിരുന്നു ബലാങ്കിര്‍ സൂപ്പര്‍ ഇന്‍ഡന്‍ന്റ് കെ. ശിവ സുബ്രഹ്മണി ദി ഹിന്ദു പത്രത്തോട് സംഭവത്തില്‍ പ്രതികരിച്ചത്.
മുന്‍പ് ബ്രൂവറി സ്ഥാപിക്കുന്നതിന് വേണ്ടി സ്ഥലം വെട്ടിവെളുപ്പിച്ച് മരങ്ങള്‍ മുറിച്ച ഒഡീഷ സര്‍ക്കാരിന്റെ നടപടി വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.