India National

രാജ്യത്ത് കോവിഡ് മരണം 6000 കടന്നു; രോഗികള്‍ രണ്ടേകാല്‍ ലക്ഷം

രാജ്യത്തെ കോവിഡ് മരണം 6000വും ആകെ രോഗികൾ 2.15 ലക്ഷവും കവിഞ്ഞു. മഹാരാഷ്ട്രയിലും ഡൽഹിയിലും നിയന്ത്രണാതീതമായിരിക്കുകയാണ് രോഗബാധ.ഡൽഹിയിൽ എത്തുന്ന എല്ലാവർക്കും 7 ദിവസം ക്വാറന്‍റൈന്‍ നിർബന്ധമാക്കി. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 9000 ലേക്ക് എത്തുകയാണ്. മൂന്നു ദിവസമായി 200ന് മുകളിലാണ് മരണം.

രണ്ടാഴ്ചയായി 2000ന് മുകളിലാണ് മഹാരാഷ്ട്രയിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവർ. ഇന്നലെ മാത്രം 122 മരണം. ആകെ രോഗികൾ 74,860 ഉം മരണം 2587 ഉം കടന്നു. ഡൽഹിയിൽ ഒരാഴ്ചയിൽ അധികമായി പ്രതിദിന രോഗബാധിതര്‍ 1100 ന് മുകളിലാണ്. 10 വരെ മരണവും റിപ്പോർട്ട് ചെയ്യുന്നു. ആകെ രോഗികൾ 23,645 ഉം മരണം 606 ഉം ആയതോടെ പ്രതിരോധ നടപടികൾ ശക്തമാക്കി.

ഡൽഹിയിൽ എത്തുന്ന എല്ലാവർക്കും 7 ദിവസം ഹോം ക്വാറന്‍റൈന്‍ സർക്കാർ നിർബന്ധമാക്കി. സ്‌റ്റേഡിയങ്ങൾ അടക്കമുള്ള ഇടങ്ങൾ ചികിത്സ കേന്ദ്രങ്ങൾ ആക്കാനാരംഭിച്ചു. ഗുജറാത്തിൽ 485 കേസും 30 മരണവും പുതുതായി റിപ്പോർട്ട് ചെയ്തതോടെ രോഗികൾ 18117 ഉം മരണം 1122 ഉം കടന്നു. രാജസ്ഥാനിൽ 279 കേസും 6 മരണവും പുതുതായി സ്ഥിരീകരിച്ചു. അതേസമയം രാജ്യത്ത് രോഗമുക്തി നിരക്ക് ഉയർന്ന് 48.31 ശതമാനത്തിലും മരണനിരക്ക് താഴ്ന്ന് 2.8 ശതമാനത്തിലും എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഒരുലക്ഷത്തിലധികം പേര്‍ രോഗമുക്തരായി.

688 ലാബുകളിലായി പ്രതിദിനം 1.37 ലക്ഷം സാമ്പിളുകള്‍ പരിശോധിക്കുന്നു. സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാനുള്ള സെറോ സർവെ പരിശോധന ഈ ആഴ്ച പൂർത്തിയാക്കാനാകുമെന്നാണ് ഐ.സി.എം.ആര്‍ പ്രതീക്ഷിക്കുന്നത്.