India National

മെഹബൂബ മുഫ്തിയേയും ഉമര്‍ അബ്ദുള്ളയേയേും ഗസ്റ്റ് ഹൌസുകളിലേക്ക് മാറ്റി

ഇന്നലെ അറസ്റ്റ് ചെയ്ത ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയേയും ഉമര്‍ അബ്ദുള്ളയേയേും ഗസ്റ്റ് ഹൌസുകളിലേക്ക് മാറ്റി. കൂടുതല്‍ അറസ്റ്റുകള്‍ നടന്നിട്ടുണ്ടെങ്കിലും അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ക്രമസമാധാനം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ പറഞ്ഞു.

370 അനുച്ഛേദം റദ്ദാക്കിക്കൊണ്ടുള്ള ബില്‍ പാസാക്കിയതിന് പിന്നാലെയാണ് ഇരു നേതാക്കളെയും അറസ്റ്റ് ചെയ്തത്. ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി മെഹബൂബ മുഫ്തി , ഉമര്‍ അബ്ദുള്ള അടക്കമുള്ള വിവിധ നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. അറസ്റ്റ് ചെയ്ത മെഹബൂബ മുഫ്തിയെ വസതിയില്‍ നിന്ന് ഗസ്റ്റ് ഹൌസായ ഹരി നിവാസിലേക്ക് കൊണ്ടുപോയി. എന്നാല്‍ അറസ്റ്റിന് പിന്നിലുള്ള കാരണം സംബന്ധിച്ച് ഇത് വരെയും വ്യക്തത വന്നിട്ടില്ല. ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതെിരെ രൂക്ഷമായ വിമര്‍ശനം ഇരു നേതാക്കളും നടത്തിയിരുന്നു. കോടതിയില്‍ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്യുമെന്ന് ഉമര്‍ അബ്ദുള്ള വ്യക്തമാക്കി. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ വലിയ സുരക്ഷ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിലയിരുത്തലിന്റെ ഭാഗമായി ഗവര്‍ണര്‍ സത്യപാല്‍ മലിക് ഉന്നതതല സുരക്ഷ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ക്രമസമാധാനം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ പറഞ്ഞു.

കുഴപ്പക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ബിജെപി നേതാവ് റാം മാധവ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് വിവിധ സേനവിഭാഗങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.