India National

‘ബി.ജെ.പിക്ക് 90% വോട്ട് ലഭിക്കണം; ഇല്ലെങ്കില്‍‌ അക്രമം നേരിടാന്‍ തയ്യാറായിക്കോ..’ മണിപ്പൂരില്‍ ഭീഷണി മുഴക്കി കുകി നാഷണല്‍ ആര്‍മി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരിലെ ഗ്രാമങ്ങളില്‍ നിന്നും തൊണ്ണൂറു ശതമാനത്തോളം വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കണമെന്ന് കുകി നാഷണല്‍ ആര്‍മിയുടെ(കെ.എന്‍.എ) ഭീഷണി. 90%ത്തോളം വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കിയില്ലെങ്കില്‍ അതിനുളള ശിക്ഷകളും അനന്തരഫലങ്ങളും അനുഭവിക്കേണ്ടി വരുമെന്നാണ് കുകി ആര്‍മിയുടെ ഭീഷണി.

മൊറെയിലെ മുഅന്നഫൈ ഗ്രാമത്തില്‍ വിളിച്ചുകൂട്ടിയ യോഗത്തിലാണ് കെ.എന്‍.എയുടെ ചീഫ് കമാന്‍ഡര്‍ താങ്ബേയി ഹാവോകിപ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയത്. ഗ്രാമമുഖ്യരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ബി.ജെ.പി സ്ഥാനാര്‍ഥി ബെഞ്ചമിന്‍ മാതെക്ക് വേണ്ടിയായിരുന്നു വോട്ട് ആവശ്യപ്പെട്ടത്.

21 പോളിംങ് കേന്ദ്രങ്ങളുളള മോറെ ഏരിയയില്‍ പോളിംങ് ശതമാനം പരിശോധിക്കുമെന്നും, കുറഞ്ഞത് 90 ശതമാനമെങ്കിലും വോട്ടുകള്‍ ബി.ജെ.പിക്ക് ഉണ്ടായിരിക്കണമെന്നുമാണ് ആവശ്യം. കെ.എന്‍.എയുടെ സൈന്യത്തില്‍ 200ഓളം വരുന്ന സ്ത്രീകളുടെ സേന സജ്ജരായിട്ടുണ്ട്, പോളിംങ് ദിവസം പോലീസ് സേനയിലേയ്ക്ക് സ്ത്രീകളെ വിട്ടു നല്‍കാമെന്നും കമാന്‍ഡര്‍ ഹാവോകിപ് പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം വെടിവെയ്പ്പ് ഉണ്ടാകാനുളള സാധ്യതയും ഹാവോകിപ് തളളിക്കളഞ്ഞില്ല.