പുൽവായിലെ ചാവേറാക്രമണവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ജമ്മു കശ്മീർ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയതിൽ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പുൽവാമ, അവന്തിപൊര എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു.
അതെ സമയം, ഭീകരാക്രമണം സംബന്ധിച്ച് ചർച്ചകൾക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗിനെറ അധ്യക്ഷതയിൽ ഡല്‍ഹിയില്‍ ഇന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തിൽ 40 സൈനീകർ കൊല്ലപ്പെട്ട കേസിൽ ആരെങ്കിലും കസ്റ്റഡിയിലാകുന്നത് ഇത് ആദ്യമാണ്. അവന്തി പൊര, പുൽവാമ എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവർക്ക് ചാവേറാക്രമണത്തിന്റെ പദ്ധതിയുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. ചാവേറാക്രമണ കേസ് അന്വേഷിക്കുന്നത് ജമ്മു കശ്മീർ പൊലീസാണ്. 12 അംഗ എൻ.ഐ.എ സംഘത്തെയും അന്വേഷണ സംഘത്തെ സഹായിക്കാൻ സർക്കാർ നിയോഗിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ ആയവരെ വിശദമായി ചോദ്യം ചെയ്താൽ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നതാണ് പ്രതീക്ഷ. ഇതിനിടെ ഇന്ത്യൻ ഡെ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി പാകിസ്ഥാൻ ഭീകരാക്രമണത്തിലെ ഇന്ത്യയുടെ ആരോപണങ്ങൾ സംബന്ധിച്ച് പ്രതിഷേധം അറിയിച്ചു. ഇന്നലെ പാകിസ്ഥാൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയ ഇന്ത്യ ഭീകരാക്രമണ സംബന്ധിച്ച് രാജ്യത്തിന് നിലപാട് വ്യക്തമാക്കിയിരുന്നു. ഭീകരാക്രമണത്തിലെ പാക്കിസ്ഥാൻ നിലപാട് ആത്മാർത്ഥത ഇല്ലാത്തതാണെന്നും തീവ്രവാദ സംഘടനകളെ കർശനമായി നിയന്ത്രിക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്നും വിദേശകാര്യ സെക്രട്ടറി ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ആവശ്യപ്പെട്ടിരുന്നു.