India National

പുല്‍വാമയില്‍ 80 വര്‍ഷം പഴക്കമുള്ള അമ്പലം പുതുക്കിപ്പണിയാന്‍ മുസ്‍ലിംകള്‍

മതത്തിന്റെ പേരില്‍ വിദ്വേഷം പടര്‍ത്തുന്നവര്‍ക്കിടയില്‍, മതസൌഹാര്‍ദ്ദത്തിന്റെ പുതിയൊരു മാതൃക തീര്‍ക്കുകയാണ് പുല്‍വാമയിലെ ഒരു ഗ്രാമം. ഗ്രാമത്തിലെ 80 വര്‍ഷത്തോളം പഴക്കമുള്ള അമ്പലം പുതുക്കിപ്പണിയാന്‍ മുന്‍കൈ എടുക്കുകയാണ് ഗ്രാമവാസികളായ മുസ്‍ലിംകള്‍‍. പുല്‍വാമ ആക്രമണം നടന്നിടത്തു നിന്ന് ഏകദേശം 12 കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലാണ്, മൂന്ന് പതിറ്റാണ്ട് കാലത്തെ നീണ്ട ഇടവേളക്കൊടുവില്‍ അമ്പലം പതുക്കിപ്പണിയാന്‍ ഒരുങ്ങുന്നത്‍. പ്രദേശത്തെ മുസ്‍ലിംകളും കശ്മീരി പണ്ഡിറ്റ് കുടുംബവുമാണ് അമ്പലം നവീകരണത്തിന് നേതൃത്വം നല്‍കുന്നത്.

പുല്‍വാമയിലെ അച്ചാന്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ അടുത്തടുത്തായിരുന്നു ഇതേ അമ്പലവും ഒരു മുസ്‍ലിം പള്ളിയും സ്ഥിതി ചെയ്തിരുന്നത്. എന്നാല്‍ വര്‍ഷങ്ങളായി പള്ളിയില്‍ മാത്രമാണ് ആളുകള്‍ പ്രാര്‍ത്ഥനക്കായി എത്തിയിരുന്നത്. 1990കളില്‍ ഹിന്ദുക്കള്‍ കൂട്ടപലായനം നടത്തിയതിനെ തുടര്‍ന്ന് അനാഥമായി കിടക്കുകയായിരുന്നു അമ്പലവും പരിസരവും. എന്നാല്‍ വീണ്ടും പഴയ പോലെ രണ്ടിടങ്ങളിലും ഒരുപോലെ മുസ്‍ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും പ്രാര്‍ത്ഥനക്കായി വഴിയൊരുക്കുകയാണ് പ്രദേശത്തെ മുസ്‍ലിംകളും കശ്മീരി പണ്ഡിറ്റ് കുടുംബവും.

അമ്പലം പുതുക്കിപ്പണിയുന്നതോടെ പലായനം ചെയ്ത ഹിന്ദുക്കളായ തന്റെ പഴയ അയല്‍വാസികളും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസിയായ മുഹമ്മദ് യൂനുസ്. പണ്ട് അമ്പലത്തിലുണ്ടായിരുന്ന പൂജാരി അന്ന് കുട്ടികളായ തങ്ങള്‍ക്ക് മധുരപലഹാരങ്ങളും മറ്റും നല്‍കിയിരുന്നതും വൃദ്ധനായ അദ്ദേഹം ഓര്‍ത്തെടുത്തു. ”പഴയ ആ ദിനങ്ങള്‍ വീണ്ടും വരണമെന്നാണ് ആഗ്രഹം. ഗ്രാമത്തിലേക്ക് തിരിച്ചുവരണമെന്ന് എന്റെ പണ്ഡിറ്റ് സഹോദരീ സഹോദരന്‍മാരോട് ഞാൻ അപേക്ഷിക്കുന്നു.” യൂനുസ് കൂട്ടിച്ചേര്‍ത്തു.