കോവിഡ് 19 കാരണം രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി മോദി. പലരും ഇപ്പോഴും നിയന്ത്രണങ്ങളെ ഗൗരവത്തിലെടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ജനങ്ങള്‍ നിര്‍ദ്ദേശങ്ങളെല്ലാം കൃത്യമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും മോദി പറഞ്ഞു.
‘പലരും ഈ ലോക്ഡൗണിനെ ഗൗരവത്തിലെടുക്കുന്നില്ല. ദയവു ചെയ്ത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും രക്ഷിക്കുക, നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തിലെടുക്കുക. എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും നിര്‍ദ്ദേശങ്ങളും നിയമങ്ങളും പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു’; മോദി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
ഇന്നലെ പ്രഖ്യാപിച്ചിരുന്ന ജനത കര്‍ഫ്യു അവസാനിച്ചതിന് ശേഷം രാജ്യത്തെ പലയിടങ്ങളിലും വലിയ രീതിയില്‍ ആഘോഷപൂര്‍വം റാലി സംഘടിപ്പിച്ചതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.
രാജ്യത്താകമാനം ഡല്‍ഹി, മുബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നീങ്ങനെ 80 ജില്ലകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷണം, കുടിവെള്ളം എന്നിവയുള്‍പ്പെടെ അവശ്യസര്‍വീസുകള്‍ മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയ ജില്ലകളില്‍ അനുവദിച്ചിരിക്കുന്നത്. നിയന്ത്രണം ഏര്‍പ്പെടുത്തിയ ഇടങ്ങളില്‍ റെയില്‍വേ, മെട്രോ, അന്തര്‍ സംസ്ഥാന ബസുകള്‍ എന്നിവയെല്ലാം നിര്‍ത്തിവെക്കുകയും പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ പൊതു ഗതാഗതം നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്.
മുബൈയില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ പൊതുസ്ഥലങ്ങളില്‍ കൂടിനില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങളുമായി വരുന്ന ട്രക്കുകളെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതെ സമയം ചെക്ക്പോസ്റ്റുകളിലെ കര്‍ശന പരിശോധന അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനെ ബാധിക്കുന്നതായും പരാതിയുണ്ട്.
രാജ്യത്ത് ആദ്യമായി നിയന്ത്രണം കൊണ്ടുവന്ന ഡല്‍ഹിയില്‍ എല്ലാ വിധ പൊതു ഗതാഗത സംവിധാനവും നിര്‍ത്തലാക്കിയിട്ടുണ്ട്. കടകളും അതിര്‍ത്തികളും അടച്ച ഡല്‍ഹിയില്‍ അവശ്യ സംവിധാനങ്ങള്‍ മാത്രമാകും പ്രവര്‍ത്തിക്കുകയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രഖ്യാപിച്ചിരുന്നു.
കോവിഡ് 19 ബാധിച്ച് ഇന്നും ഒരു മരണം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചുള്ള മരണം എട്ടായി. 390 പേര്‍ക്കാണ് ഇത് വരെ ഇന്ത്യയില്‍ കോവിഡ് 19 ബാധിച്ചിരിക്കുന്നത്.