ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ പാസ്പോര്‍ട്ട് അനുവദിക്കണമെന്ന അഭ്യര്‍ഥനയുമായി അഫ്സല് ഗുരുവിന്റെ മകന് ഗാലിബ് ഗുരു. തനിക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. ഡോക്ടറാവണമെന്നാണ് ആഗ്രഹം. പാസ്പോര്‍ട്ട് കിട്ടിയാല്‍ സ്കോളര്‍ഷിപ്പോടെ പഠനം നടത്താന്‍ കഴിയുമെന്നും ഗാലിബ് എ.എന്‍.ഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പത്താം ക്ലാസ് പരീക്ഷയില്‍ 95 ശതമാനവും പ്ലസ് ടു പരീക്ഷയില്‍ 88 ശതമാനവും മാര്‍ക്ക് നേടി ഗാലിബ് ഇതിന് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മെയ് അഞ്ചിന് നടക്കുന്ന നീറ്റ് പരീക്ഷക്കായി തയ്യാറെടുക്കുകയാണ് ഗാലിബ്. “ഭൂതകാലത്തിലെ തെറ്റുകളില്‍ നിന്നാണ് നമ്മള് പാഠം പഠിക്കുന്നത്. എന്റെ പിതാവിന് മെഡിക്കല്‍ രംഗത്ത് തുടരാനായില്ല. എനിക്കത് പൂര്‍ത്തിയാക്കണം”- ഗലിബ് പറഞ്ഞു. ഇന്ത്യയിലെ മെഡിക്കല്‍ കോളജില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ഉപരിപഠനത്തിനായി വിദേശത്ത് പോകണമെന്നാണ് ആഗ്രഹമെന്ന് ഗാലിബ് പറഞ്ഞു.
മാതാവ് തബസുമിന്റെയും മുത്തശ്ശന് ഗുലാം മുഹമ്മദിന്റെയും കൂടെയാണ് ഗാലിബ് താമസിക്കുന്നത്. ഉമ്മയ്ക്കാണ് താന്‍ ജീവിതത്തില്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും ഉമ്മയാണ് തന്നെ സമ്മര്‍ദങ്ങളില്‍ നിന്ന് അകറ്റി വളര്‍ത്തിയതെന്നും ഗാലിബ് പറഞ്ഞു.
2001ലെ പാര്‍ലമെന്റ് ആക്രമണ കേസില്‍ കുറ്റക്കാരനെന്ന് വിധിച്ച് 2013 ഫെബ്രുവരി ഒമ്പതിനാണ് അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയത്. തിഹാര്‍ ജയിലില്‍ രഹസ്യമായാണ് വധശിക്ഷ നടപ്പാക്കിയത്.