India National

ഞാന്‍ മുസ്‌ലിംങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല, ഹിന്ദുക്കള്‍ക്കും ചെയ്തിട്ടില്ല; 2022ല്‍ ചെയ്തു കാണിക്കുമെന്ന് നരേന്ദ്ര മോദി

രാജ്യത്തെ മുസ്‌ലിംങ്ങള്‍ക്ക് വേണ്ടി താന്‍ ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ മുസ്‌ലിംങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, ഹിന്ദുക്കള്‍ക്ക് വേണ്ടിയും താന്‍ ഒന്നും ചെയ്തില്ലെന്നും, 2022 ല്‍ ചെയ്തു കാണിക്കുമെന്നും മോദി പറഞ്ഞു. 2022ഓടെ രാജ്യത്തെ എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന പദ്ധതി പൂര്‍ത്തീകരിക്കുമെന്നും എ.ബി.പി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറയുന്നു.

‘ഹിന്ദു ആയിക്കോട്ടെ, മുസ്‌ലിം ആയിക്കോട്ടെ, 2022ഓടെ എല്ലാവര്‍ക്കും വൈദ്യുതി ലഭിക്കും. സബ്കാ സാത് സബ്കാ വികാസ് എന്നതാണ് എന്റെ മുദ്രാവാക്യം. എന്റെ സര്‍ക്കാറില്‍ മതത്തിന് സ്ഥാനമില്ല’- ബി.ജെ.പി ഭരണത്തില്‍ രാജ്യത്തെ മുസ്‌ലിംങ്ങള്‍ക്ക് വിശ്വാസമില്ലേയെന്ന ചോദ്യത്തിന് മോദി മറുപടി നല്‍കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

രാമക്ഷേത്ര നിര്‍മാണം തന്റെ മാത്രം ആവശ്യമല്ല, രാജ്യത്തെ ജനങ്ങള്‍ അത് ആഗ്രഹിക്കുന്നെന്നും മോദി പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യാന്‍ കഴിയു എന്നും മോദി പറഞ്ഞു. വോട്ടു ലക്ഷ്യമിട്ട് രാജ്യത്ത് മുസ്‌ലിംങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ വളര്‍ത്തുകയാണ് ചിലരെന്നും മോദി ആരോപിച്ചു. കോണ്‍ഗ്രസിന്റെ പ്രകടന പത്രികക്കെതിരെയും മോദി ആഞ്ഞടിച്ചു. പ്രകടന പത്രിക കാപട്യം നിറഞ്ഞതാണെന്നും വിഘടന വാദികളുടെ ഭാഷയില്‍ സംസാരിച്ച കോണ്‍ഗ്രസ് സൈന്യത്തെ അപമാനിച്ചെന്നും നരേന്ദ്ര മോദി ആരോപിച്ചു.