India National

ജനാധിപത്യമില്ലാതെ ജമ്മുകശ്മീരില്‍ ഒരു പ്രമേയവും നടപ്പാക്കാനാകില്ലെന്ന് അമര്‍ത്യാ സെന്‍

ജമ്മുകശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് സാമ്പത്തിക വിദ്ഗ്ധനും നോബേല്‍ പുരസ്കാര ജേതാവുമായ അമര്‍ത്യാ സെന്‍. ജനാധിപത്യമില്ലാതെ ജമ്മുകശ്മീരില്‍ ഒരു പ്രമേയവും നടപ്പാക്കാനാകില്ലെന്ന് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമര്‍ത്യസെന്‍ വിമര്‍ശിച്ചു. ജനാധിപത്യത്തില്‍ പാശ്ചാത്യേതര രാജ്യങ്ങളില്‍ ഏറ്റവും മികച്ചത് ഇന്ത്യയായിരുന്നു. എന്നാല്‍ ചില നടപടികളിലൂടെ അത് നഷ്ടമായെന്നും അമര്‍ത്യസെന്‍ വ്യക്തമാക്കി. കരുതല്‍ തടങ്കലിനെതിരെ ജമ്മുകശ്മീര്‍ പീപ്പള്‍സ് മൂവ്മെന്‍റ് നേതാവ് ഷാ ഫൈസല്‍ കോടതിയെ സമീപിച്ചു.

ജമ്മുകശ്മീരില്‍ നേതാക്കളെ അറസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച അമര്‍ത്യസെന്‍ ജനങ്ങളെ നയിക്കുന്നവരുടെ ശബ്ദം കേള്‍ക്കാതെ നീതി നടപ്പാക്കാനാകില്ലെന്ന് പറഞ്ഞു. മുന്‍കാലങ്ങളില്‍ സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നേതാക്കള്‍ വരെ ജയിലിലാണ്. ജനാധിപത്യത്തെ വിജയത്തിലെത്തിക്കുന്ന വഴി നിയന്ത്രിക്കപ്പെടുന്നതാണ് ഇപ്പോള്‍ കാണുന്നതെന്നും അമര്‍ത്യാ സെന്‍ വ്യക്തമാക്കി. ജീവന്‍ നഷ്മാകുന്നത് തടയാനാണ് വലിയ സുരക്ഷ ജമ്മുകാശ്മീരില്‍ ഏര്‍പ്പെടുതിയതെന്നാണ് സര്‍ക്കാര്‍ നിലപാട്. സമാന ന്യായീകരണം തന്നെയാണ് 200 വര്‍ഷം ഇന്ത്യയെ ഭരിച്ച ബ്രിട്ടീഷുകാരും പറഞ്ഞതെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം കരുതല്‍ തടങ്കലിനെതിരെ ജമ്മുകശ്മീര്‍ പീപ്പള്‍സ് മൂവ്മെന്റ് നേതാവ് ഷാ ഫൈസല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹേബിയസ് കോര്‍പ്പസ് ഹരജിയാണ് ഷാ ഫൈസല്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഈ മാസം 14ന് ഡല്‍ഹിയില്‍ നിന്ന് ഇസ്താംബൂളിലേക്ക് പോവുകയായിരുന്ന ഷാ ഫൈസലിനെ പൊലീസ് കസ്റ്റഡിലേടുത്ത് ശ്രീനഗറിലേക്ക് കൊണ്ടുപോയി കരുതല്‍ തടങ്കലിലാക്കുകയായിരുന്നു . ബുധനാഴ്ച മുതല്‍ കാശ്മീര്‍ താഴ്വരയിലെ കൂടുതല്‍ സ്കൂള്‍ കൂടി തുറക്കാനാണ് തീരുമാനം. ഇന്നലെ പല സ്കൂളുകളും തുറന്നുവെങ്കിലും വളരെ കുറച്ച് കുട്ടികള്‍ മാത്രമാണ് സ്കൂളുകളില്‍ എത്തിയത്