India National

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്നിറങ്ങും

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്നിറങ്ങും. മിനിമം വരുമാനം ഉറപ്പുവരുത്തുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രഖ്യാപനം. കാര്‍ഷിക-ഗ്രാമീണ മേഖലകളില്‍ ഈ പ്രഖ്യാപനം വലിയ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

കള്ളപ്പണം പിടിച്ചെടുക്കുന്നതിലൂടെ ഓരോരുത്തരുടെയും ബാങ്ക് അക്കൌണ്ടില്‍ 15 ലക്ഷം രൂപ. 2014 ല്‍ നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ വാഗ്ദാനമായിരുന്നു ഇത്. 15 ലക്ഷം എവിടെയെന്ന് ചോദിച്ച് ബി.ജെ.പി സര്‍ക്കാരിനെ നിരന്തരം പരിഹസിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നതും അക്കൌണ്ടില്‍ പണമെത്തിക്കുമെന്നാണ്. തുക പക്ഷെ, മോദിയുടെ വാഗ്ദാനം പോലെ അവിശ്വസനീയവുമല്ല. ദരിദ്ര കുടുംബങ്ങള്‍ക്ക് വര്‍ഷം 72000 രൂപ. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപയെത്തിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ യോജനയുടെയും മാറ്റ് കുറക്കുന്നു രാഹുലിന്റെ ന്യായ്.

വര്‍ഷത്തില്‍ ആറായിരത്തിന്റെ സ്ഥാനത്ത് രാഹുല്‍ മുന്നോട്ടുവെക്കുന്നത് മാസം 12000 ഉറപ്പുനല്‍കുമെന്നാണ്. നോട്ടുനിരോധനത്തിന്റെ കെടുതികള്‍ കണ്ട കര്‍ഷക ഗ്രാമങ്ങളിലും ദരിദ്ര മേഖലകളിലും വലിയ ഓളമുണ്ടാക്കാന്‍ പോന്നതാണ് നീതി എന്നര്‍ഥം വരുന്ന ന്യായ് പദ്ധതി. ഒന്നാം യു.പി.എ കാലത്തെ തൊഴിലുറപ്പ് പദ്ധതി പോലെ. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിലെ പ്രായോഗികത സംബന്ധിച്ച ചര്‍ച്ചകള്‍ ഇതിനകം സാമ്പത്തിക രംഗത്ത് തുടങ്ങിയിട്ടുണ്ട്. നിലവിലെ ക്ഷേമ പദ്ധതികളും സബ്സിഡികളും പിന്‍വലിച്ചാല്‍ മാത്രമേ മിനിമം വേതനം പദ്ധതി നടപ്പിലാക്കാനാവശ്യമായ പണം കണ്ടെത്താനാകൂവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.