India

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം വീണ്ടും യു.ഡി.എഫിന് തലവേദനയാകുന്നു

ഒരിടവേളക്ക് ശേഷം കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം യു.ഡി.എഫിന് വീണ്ടും തലവേദനയാകുന്നു. പി.ജെ ജോസഫിന് അനുകൂലമായി കോടതി വിധി കൂടി വന്നതോടെ പ്രശ്നത്തില്‍ നിലപാടെടുക്കേണ്ട നിര്‍ബന്ധിതാവസ്ഥയിലാണ് യു.ഡി.എഫ്. 15ന് ചേരുന്ന യു.ഡി.എഫ് യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ ഉയര്‍ന്ന തര്‍ക്കത്തില്‍ ഇതുവരെ കാഴ്ചക്കാരുടെ റോളിലായിരുന്നു യു.ഡി.എഫ്. രണ്ട് കൂട്ടരെയും മുന്നണിയില്‍ നിലനിര്‍ത്തുക എന്നതായിരുന്നു ഇതുവരെയുള്ള തന്ത്രം. പാലായിലെ തെരഞ്ഞെടുപ്പ് ഫലം അതിനുളള തിരിച്ചടിയുമായി. ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത് ജോസ് വിഭാഗം നടപടിക്ക് തൊടുപുഴ കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടിട്ടുണ്ട്. ജോസഫ് വിഭാഗത്തിന് ശക്തി വര്‍ധിപ്പിക്കുന്ന കോടതി വിധിയോടെ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യമുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തെ കാത്തിരിക്കുമ്പോഴും ഇക്കാര്യത്തില്‍ യു.ഡി.എഫിന് നിലപാടെടുക്കേണ്ട സാഹചര്യമുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തെ ഒപ്പം ചേര്‍ത്ത് മുന്നോട്ട് പോകണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഒരു തീരുമാനത്തിലെത്തിയാലേ മുന്നണിക്ക് മുന്നോട്ട് പോകാന്‍ കഴിയൂ. കേരള കോണ്‍ഗ്രസിലെ തര്‍ക്കം അടുത്ത യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യും. മുസ്‍ലിം ലീഗടക്കം ഘടകക്ഷികളുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകും.