India National

കശ്മീര്‍ സന്ദര്‍ശിക്കരുത്, അവരുടെ ഉത്പന്നങ്ങള്‍ വാങ്ങരുത്: വിവാദമായി മേഘാലയ ഗവര്‍ണറുടെ ട്വീറ്റ്

കശ്മീരിലെ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന മേഘാലയ ഗവര്‍ണര്‍ തഥാഗതാ റോയിയുടെ ട്വീറ്റ് വിവാദമാകുന്നു. 40 സി.ആര്‍.പി.എഫ് ജവാന്മാരുടെ മരണത്തിന് കാരണമായ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം, പൊതുജനങ്ങളോടുള്ള ആഹ്വാനമെന്ന നിലയിലായിരുന്നു കശ്മീരി ഉത്പന്നങ്ങളെല്ലാം ബഹിഷ്കരിക്കണമെന്ന അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ ട്വീറ്റ്.

”കശ്മീര്‍ സന്ദര്‍ശിക്കരുത്. രണ്ട് വര്‍ഷത്തേക്ക് അമര്‍നാഥിലേക്ക് പോകരുത്. കശ്മീരികളുടെ കടകളില്‍ നിന്നോ കച്ചവടക്കാരില്‍ നിന്നോ ഒന്നും വാങ്ങരുത്.. എല്ലാ മഞ്ഞുകാലങ്ങളിലും അവരിവിടെ കച്ചവടത്തിന് വരുമ്പോള്‍ പ്രത്യേകിച്ചും. കശ്മിരികളുടെ എല്ലാ ഉത്പന്നങ്ങളും ബഹിഷ്കരിക്കണം.” ഗവര്‍ണര്‍ ട്വീറ്റിലൂടെ ആഹ്വാനം ചെയ്തു.

ആര്‍മിയില്‍ റിട്ടയറായ ഒരു കേണലിന്റെ അഭിപ്രായമാണിത്… താനിതിനെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു തഥാഗതാ റോയ് ട്വീറ്റിട്ടിരുന്നത്.

എന്നാല്‍ ഭീകരാക്രമണത്തിന്റെ പേരില്‍ രാജ്യത്തെ സാധാരണക്കാരായ കശ്മീരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക എന്ന് ആഹ്വാനം ചെയ്ത ഗവര്‍ണര്‍ക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. ട്വീറ്റ് വിവാദമായതോടെ വിശദീകരണവുമായി ഗവര്‍ണര്‍ മറ്റൊരു ട്വീറ്റുമായി രംഗത്തെത്തി.

വിവാദ പ്രസ്താവന നടത്തിയ ഗവര്‍ണറെ കേന്ദ്രം പുറത്താക്കണമെന്നാവശ്യപ്പെട്ട് പി.‍ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി രംഗത്തെത്തി

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണവും ഭീഷണിയും ഉണ്ടായിരുന്നു.