India National

ഏറെ വേദനയോടെയാണ് പ്രതികളെ വെറുതെ വിട്ടതെന്ന് എക്സ്പ്രസ് സ്ഫോടന കേസിന്‍റെ വിധി പറഞ്ഞ ജഡ്ജി

‘‘ഞാൻ അങ്ങേയറ്റം വേദനയോടെയും തീവ്രമായ മനോവ്യഥയോടെയുമാണ് ഈ വിധിന്യായം അവസാനിപ്പിക്കുന്നത്. അത്യന്തം ക്രൂരമായ ഈ ആക്രമണത്തിൽ കൃത്യമായ തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ കുറ്റമുക്തരാക്കുന്നത്’’ -സംഝോത എക്സ്പ്രസ് സ്ഫോടന കേസിൽ സ്വാമി അസീമാനന്ദ അടക്കം നാലുപേരെ വെറുതെവിട്ട വിധിന്യായത്തിൽ എൻ.ഐ.എ കോടതി ജഡ്ജി ജഗദീപ് സിങ്ങിന്‍റെ വാക്കുകളാണിത്. കേസിൽ മതിയായ തെളിവുകൾ സൂക്ഷ്മതയോടെ സമർപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിന്‍റെ നേർക്കാഴ്ചയാണ് വിധിന്യായത്തിൽ മുഴച്ചുനിൽക്കുന്നത്. മാർച്ച് 20നാണ് പ്രമാദമായ കേസിൽ ഹിന്ദുത്വ ഭീകരരെന്ന് ആരോപണമുള്ള സ്വാമി അസീമാനന്ദ, ലോകേഷ് ശർമ, കമർ ചൗഹാൻ, രജീന്ദർ ചൗധരി എന്നിവരെ പ്രത്യേക കോടതി വെറുതെവിട്ടത്.

‘തീവ്രവാദത്തിന് മതമില്ല, കാരണം ഒരു മതവും അക്രമം പഠിപ്പിക്കുന്നില്ല. പൊതുജനാഭിപ്രായമോ,രാഷ്ട്രീയ അജണ്ടയോ അടിസ്ഥാനമാക്കിയുള്ളതല്ല കോടതി നടപടികൾ. രേഖാമൂലമുള്ള തെളിവുകളും നിയമവശങ്ങളും പരിശോധിച്ച് മാത്രമേ കോടതിക്ക് വിധിന്യായം പ്രഖ്യാപിക്കാനാകൂ. ഹീനമായ കുറ്റകൃത്യം മതിയായ തെളിവുകളുടെ അഭാവത്തിൽ തീർപ്പ് കൽപിക്കേണ്ടിവരുന്നത് വേദനയുടെ ആഴം കൂട്ടുന്നു’ -വിശദമായ വിധിന്യായത്തിൽ ജഡ്ജി വ്യക്തമാക്കി. കേസിന്‍റെ ഗുരുതരാവസ്ഥയും സംശയങ്ങളും തെളിവായി സ്വീകരിക്കാനാകില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. യുക്തിസഹമായ സംശയങ്ങൾക്കപ്പുറം രേഖപ്പെടുത്തപ്പെട്ട തെളിവുകളിലൂടെ മാത്രമേ ആരോപിക്കപ്പെട്ടവർ കുറ്റക്കാരാണെന്ന് സ്ഥാപിക്കാനാകൂ. പ്രോസിക്യൂഷൻ കുറച്ച് തെളിവുകൾ അവിടെയും ഇവിടെയുമായി പറഞ്ഞതുകൊണ്ട് പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാനാകില്ല. ക്രിമിനൽ കേസുകളിൽ ധാർമികതയുടെ പേരിൽ ശിക്ഷ വിധിക്കാനുമാകില്ല. തെളിവുകൾ തന്നെയാണ് പ്രധാനം. എല്ലാ സംശയങ്ങൾക്കുമതീതമായി കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയണം.

കേസിന്‍റെ സർവസാഹചര്യങ്ങളും ഒന്നുപോലും വിട്ടുകളയാതെ കോർത്തിണക്കി സമർപ്പിക്കുകയാണ് പ്രോസിക്യൂഷൻ ചെയ്യേണ്ടത്. സംഝോത എക്സ്പ്രസ് സ്ഫോടന കേസിൽ പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു.ശാസ്ത്രീയവും രേഖാമൂലവുമുള്ള തെളിവുകൾ അവർ ഹാജരാക്കിയിട്ടില്ല. കുറ്റകൃത്യത്തെ ഒരുപോലെ കാണുന്നതിൽ അന്വേഷണ ഏജൻസികൾക്ക് മനഃപ്രയാസമുണ്ടാകുന്നതായി പൊതുവിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

മുസ്‍ലിം തീവ്രവാദമെന്നും ഹിന്ദു മൗലികവാദമെന്നും മതത്തിന്‍റെയും ജാതിയുടെയും സമുദായത്തിന്‍റെയും പേരിലുള്ള ആകമ്രണമെന്നുമൊക്കെയാണ് അവർ വിലയിരുത്തുന്നത്. ഒരു കുറ്റകൃത്യത്തെയും ഇങ്ങനെ ബ്രാൻഡ് ചെയ്യുന്നത് നീതീകരിക്കാനാകില്ല. 2007 ഫെബ്രുവരി 18നാണ് ഇന്ത്യയിൽനിന്ന് പാകിസ്താനിലേക്ക് സർവിസ് നടത്തുന്ന സംഝോത എക്സ്പ്രസിൽ സ്ഫോടനമുണ്ടായത്. ഹരിയാനയിലെ പാനിപ്പത്തിലുണ്ടായ സ്ഫോടനത്തിൽ 68 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. എൻ.ഐ.എ അന്വേഷിച്ച കേസിൽ 2011 ജൂലൈയിൽ സ്വാമി അസീമാനന്ദ ഉൾപ്പെടെ എട്ടുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഇതിൽ ആക്രമണത്തിന്‍റെ സൂത്രധാരനായ സുനിൽ ജോഷി വെടിയേറ്റ് മരിച്ചു. മൂന്നുപേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. അവശേഷിക്കുന്നവരെയാണ് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടത്.