India National

ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടും ന്യൂസിലന്റ് ഭീകരാക്രമണത്തെ അപലപിക്കാതെ മോദി

മാര്‍ച്ച് 15ന് ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ 50 പേരെയാണ് തോക്കുധാരി വെടിവെച്ച് കൊന്നത്. ലോകം നടുങ്ങിയ ആ ഭീകരാക്രമണത്തിന് പിന്നാലെ നിരവധി ലോക നേതാക്കള്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. അഞ്ച് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവമായിട്ട് പോലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം ട്വിറ്ററിലൂടെ സംഭവത്തെ അപലപിക്കാന്‍ തയ്യാറായിട്ടില്ല.

ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ മെഹ്ബൂബ് ഖോക്കര്‍, റാമിസ് വോറ, ആസിഫ് വോറ, അന്‍സി അലിബാവ, ഒസൈര്‍ ഖാദിര്‍ എന്നീ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി ന്യൂസിലന്റിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരാക്രമണം നടന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ത അര്‍ഡേണിന് നടുക്കവും ദുഃഖവും അറിയിച്ചുകൊണ്ടുള്ള സന്ദേശം കൈമാറിയെന്ന് വിദേശകാര്യമന്ത്രാലയം ട്വിറ്ററില്‍ കുറിച്ചിരുന്നു.

എന്നാല്‍ സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും നരേന്ദ്രമോദിയുടെ സ്വകാര്യട്വിറ്റര്‍ അക്കൗണ്ടില്‍ ഇത് സംബന്ധിച്ച ട്വീറ്റുകളൊന്നും വന്നിട്ടില്ല. ഇതേ സമയത്ത് യു.എസ് പ്രസിഡന്റ് ട്രംപ്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടങ്ങി നിരവധി ലോക നേതാക്കളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവരും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

2014 മുതല്‍ സജീവമായ മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ലോകത്തെ വിവിധ ഭാഗങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളേയും പ്രകൃതി ദുരന്തങ്ങളേയും അപലപിക്കുന്ന ട്വീറ്റുകള്‍ പലതവണ വന്നിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, തുര്‍ക്കി, അമേരിക്ക തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഇത്തരം സംഭവങ്ങളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ പോലും മോദിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ അനുശോചന സന്ദേശം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ന്യൂസിലന്റില്‍ അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടും അതുണ്ടാകുന്നില്ലെന്നതാണ് വിവാദമാകുന്നത്.

മുന്‍ വര്‍ഷങ്ങളിലെ മോദിയുടെ ചില അനുശോചന ട്വീറ്റുകള്‍