പുല്‍വാമ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ മുദാസിര്‍ അഹമ്മദ് ഖാന് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സൂചന. ത്രാലില്‍ ഇന്നലെ സുരക്ഷാ സേന വധിച്ച ഭീകരരില്‍ ഇയാളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭീകരരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
പുല്‍വാമയില്‍ 40 ജവാന്മാരെ കൊലപ്പെടുത്തിയ ആക്രമണം ആസൂത്രണം ചെയ്തത് മുദാസിര്‍ അഹമ്മദ് ഖാന് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്ഫോടനം നടത്തിയ ആദില്ഖാന് നിരവധി തവണ ഇയാളെ ബന്ധപ്പെട്ടതിന് തെളിവ് ലഭിച്ചതായാണ് അന്വേഷണസംഘം പറയുന്നത്. ഈ കണ്ടെത്തലിന് പിന്നാലെയാണ് ഇന്നലെ പുല്‍വാമയിലെ ത്രാലില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടുകയായിരുന്നു. മൂന്ന് ഭീകരരെ വധിച്ചതില്‍ മുദാസിര്‍ അഹമ്മദ് ഖാനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. എന്നാല്‍ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ ആയതിനാല്‍ തിരിച്ചറിയാനായി ഡി.എന്‍.എ പരിശോധന നടത്തേണ്ടിവരും.
2017ല്‍ ആണ് മുദാസിര്‍ ജെയ്ഷെ മുഹമ്മദില്‍ ചേര്‍ന്നതെന്നാണ് നിഗമനം. ഡിഗ്രി പഠനത്തിന് ശേഷം ഇയാള്‍ ഒരു വര്‍ഷത്തെ ഇലക്ട്രിക്കല്‍ കോഴ്സും ചെയ്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.