ടോള്‍ പ്ലാസ ജീവനക്കാര്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ബി.ജെ.പി എം.പിയും ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനുമായ രാം ശങ്കർ കത്താരിയ വിവാദത്തില്‍. കത്താരിയയുടെ സുരക്ഷാ ഭടനാണ് ആഗ്രയിലെ രഹന്‍കല ടോൾ പ്ലാസയില്‍ ഗുണ്ടായിസം പുറത്തെടുത്തത്.
ജീവനക്കാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇത് പിന്നീട് മര്‍ദനത്തിന് വഴിമാറുകയുമായിരുന്നു. ജീവനക്കാരെ മര്‍ദിച്ച ശേഷം കൈയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. എം.പിയുടെ അകമ്പടി വാഹനത്തെ ടോള്‍ പ്ലാസ ജീവനക്കാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വാഹനം തടഞ്ഞ നടപടിയെ സുരക്ഷാ ഉദ്യോഗസ്ഥന് ചോദ്യം ചെയ്യുകയും തുടര്‍ന്ന് ജീവനക്കാരെ മര്‍ദിക്കുകയുമായിരുന്നു.
ആളു കൂടിയതോടെ സുരക്ഷാ ഭടന് തോക്ക് പുറത്തെടുത്ത് ആകാശത്തേക്ക് വെടിയുര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കത്താരിയയുടെ സാന്നിധ്യത്തിലായിരുന്നു സുരക്ഷാ ഭടന്റെ ഗുണ്ടായിസം. അക്രമത്തിൽ മൂന്ന് ടോൾ പ്ലാസ ജീവനക്കാർക്ക് പരിക്കേറ്റു. സംഘർഷത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ബി.ജെ.പി എം.പിക്കും സംഘത്തിനുമെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇറ്റാവയില്‍ നിന്നുള്ള ലോക്സഭാ എം.പിയാണ് കത്താരിയ.