Health

നിങ്ങള്‍ ഒരു വൃക്കരോഗി ആകാതിരിക്കണമെങ്കില്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

വൃക്കരോഗികളുടെ, ഡയാലിസിസ് പേഷ്യന്റുമാരുടെ, മാറ്റിവെക്കാന്‍ വൃക്ക അന്വേഷിക്കുന്നവരുടെ എണ്ണം നമുക്ക് ചുറ്റും കൂടിക്കൊണ്ടിരിക്കുകയാണ്. വൃക്ക സ്തംഭനം എന്ന അവസ്ഥ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ല.. രോഗം വരാതെ നോക്കുക എന്നത് തന്നെയാണ് വൃക്കരോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം.

പക്ഷേ എങ്ങനെ എന്നാണോ…. ? ഇതാ ഈ 7 നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കൂ:

1. ധാരാളം വെള്ളം കുടിക്കുക

ദിവസം മൂന്നു ലിറ്ററെങ്കിലും വെള്ളം കുടിക്കണം…. ധാരാളം മൂത്രം ഒഴിക്കുമ്പോള്‍ മൂത്രത്തിന്റെ സാന്ദ്രത കുറഞ്ഞ് മാലിന്യങ്ങള്‍ എല്ലാം പുറന്തള്ളി വൃക്കയില്‍ കല്ലുകള്‍ വരാനുള്ള സാധ്യതകളെ തടയുന്നു.

2. ഭക്ഷണം

നാം കഴിക്കുന്ന ഭക്ഷണം, കഴിക്കുന്ന രീതി എന്നിവയും വളരെ പ്രധാനമാണ്. പഴവര്‍ഗം, നാരടങ്ങിയ ഭക്ഷണം, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. ഇറച്ചി, മുട്ട, മൈദ, ഉപ്പിന്റെ അമിതമായ ഉപയോഗം എന്നിവയെല്ലാം കുറയ്ക്കുക. നിങ്ങള്‍ക്ക് 40 വയസ്സ് കഴിഞ്ഞെങ്കില്‍ വൃക്കരോഗങ്ങള്‍ മാത്രമല്ല, വൃക്കയിലെ കല്ലുകളെ വരെ ഒരു പരിധി വരെ അകറ്റാന്‍ ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നത് സഹായിക്കും…

3. വ്യായാമം

നിത്യവും വ്യായാമം ചെയ്യുക. വ്യായാമം രക്തസമ്മര്‍ദ്ദത്തെയും പ്രമേഹത്തെയും ഒരു പരിധിവരെ തടയും.. അതുവഴി വൃക്കരോഗത്തെയും അകറ്റി നിര്‍ത്താന്‍ കഴിയും

4. അമിതവണ്ണം നിയന്ത്രിക്കുക

ഭാരം അമിതമായി കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക.. ശരിയായ ഭക്ഷണത്തിലൂടെയും ശരിയായ വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തുക…

5. വേദനസംഹാരികള്‍

വേദനസംഹാരികളുടെ ദിവസവുമുള്ള ഉപയോഗം ഒഴിവാക്കണം. ഇവ സ്ഥിരമായി കഴിക്കുന്നത് വൃക്കയെ കേടുവരുത്തും.. സ്ഥിരമായി വേദനസംഹാരി മരുന്നുകള്‍ കഴിക്കേണ്ടിവരുന്നവര്‍ ഒരു വൃക്കരോഗവിദഗ്ധനെകൂടി കണ്ട് അഭിപ്രായം തേടുന്നത് നല്ലതാണ്.

6. പുകവലി

പുകവലിക്കാരില്‍ വൃക്കയിലേക്കുള്ള രക്തയോട്ടം കുറയാന്‍ സാധ്യതയേറെയാണ്… അതുകൊണ്ട് തന്നെ അത് സ്വാഭാവികമായും വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാന്‍ കാരണമാകും..

7. കൃത്യമായ പരിശോധനകള്‍

40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ നിര്‍ബന്ധമായും ഒരു വൃക്കരോഗ വിദഗ്ധനെ കണ്ട് പരിശോധനകള്‍ നടത്തുന്നത് നല്ലതാണ്.. വൃക്കരോഗ പാരമ്പര്യമുള്ളവര്‍, രക്തസമ്മര്‍ദ്ദമുള്ളവര്‍, അമിതവണ്ണം, പ്രമേഹം, വൃക്കയില്‍ കല്ല് എന്നിവയുള്ളവരും പ്രത്യേകം ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. വൃക്കരോഗങ്ങള്‍ പെട്ടെന്ന് പുറമേയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല…. അതിനാല്‍ രക്തവും മൂത്രവും പരിശോധിച്ച് തകരാറുണ്ടെങ്കില്‍ അതിനനുസരിച്ചുള്ള ചികിത്സകള്‍ കഴിയും വേഗം തേടാന്‍ ശ്രമിക്കുക.