Health

രക്ത ദാനം മഹാദാനം; ഇന്ന് ലോക രക്തദാന ദിനം

ഇന്ന് ജൂൺ 14, ലോക രക്ത ദാന ദിനം. ലോകമെമ്പാടുമുള്ള രക്തദാതാക്കളോട് നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് 2005 മുതൽ എല്ലാ വർഷവും ജൂൺ 14 ലോക രക്തദാന ദിനമായി ആചരിക്കുന്നത്. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി ലോകം ആചരിക്കുന്നത്. ‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിർത്തൂ’ (Give blood and keep the world beating) എന്നതാണ് ഈ വർഷത്തെ സന്ദേശം.റോമിലാണ് ഈ വര്‍ഷത്തെ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഈ ദിനം ആചരിക്കുന്നതിലൂടെ കൂടുതൽ ആളുകളെ രക്തം ദാനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഒഴുകുന്ന ജീവൻ എന്നാണ് ആരോഗ്യ വിദഗ്ദർ രക്തത്തെ വിശേഷിപ്പിക്കുന്നത്. രക്ത ദാനം ഒരു ജീവൻ രക്ഷിക്കാൻ സഹായിക്കും. വളരെ സുരക്ഷിതവും ലളിതവുമായ ഒന്നാണ് രക്ത ദാനം. എന്നാല്‍ ഇതേക്കുറിച്ചുള്ള അറിവില്ലായ്മയും തെറ്റായ വിവരങ്ങളുമാണ് പലപ്പോഴും ജനങ്ങളില്‍ ഭയം നിറയ്ക്കുകയും രക്തദാനത്തിനായി മുന്നോട്ട് വരാതിരിക്കുകയും ചെയ്യാന്‍ കാരണമാകുന്നത്.

ആരോഗ്യമുള്ള ഏതൊരാൾക്കും രക്തം ദാനം ചെയ്യാം. 18 നും 65 നും ഇടയിലുള്ള പ്രായമായിരിക്കണം, ഭാരം 45-50 കിലോഗ്രാമിൽ കുറയാതിരിക്കുകയും, ശരീര താപ നില നോർമലായിരിക്കുകയും വേണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തില്‍ കുറയരുത്. മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രമേ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാന്‍ അനുമതിയുള്ളൂ.

എന്നാൽ കൊറോണ വൈറസ് മഹാമാരിയ്ക്കിടയിൽ ആളുകൾ സ്വമേധയാ രക്തദാനം ചെയ്യുന്നത് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. കൊവി‍ഡിന്റെ പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനമാണ് ഇതിന് കാരണം. കഴിഞ്ഞ വർഷം 2020 ഏപ്രിലിൽ കൊവിഡിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തി ഒരു മാസം പിന്നിട്ടപ്പോൾ സ്വമേധയാ രക്തം ദാനം ചെയ്യുന്ന ആളുകളുടെ എണ്ണം 100 ശതമാനം കുറഞ്ഞുവെന്ന് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി അറിയിച്ചിരുന്നു.

കൊവിഡ് കാലത്തും രക്തം ദാനം ചെയ്യാൻ ഒരു ദാതാവിന് അർഹതയുണ്ടെന്ന് സർക്കാർ 2020 മാർച്ച് 25 ന് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് രക്തം ദാനം ചെയ്യുന്നതിൽ നിന്ന് ‘അപകടസാധ്യതയുള്ള ദാതാക്കളെ’ മാത്രമാണ് ഇന്ത്യൻ സർക്കാർ വിലക്കിയിട്ടുള്ളത്.

രക്തം ദാനം ചെയ്യുന്ന ദിവസത്തിന് 28 ദിവസം മുമ്പ് വരെ രക്ത ദാതാവ് ആഭ്യന്തര അല്ലെങ്കിൽ അന്തർദ്ദേശീയ യാത്രകൾ ചെയ്തിട്ടുണ്ടാകരുത്. രക്തദാന ദിവസത്തിലും അതിന് മുമ്പും ഒരു കൊവി‍ഡ് രോഗിയുമായി സമ്പർക്കം പുലർത്തുകയോ അല്ലെങ്കിൽ സ്വയം രോഗബാധിതനാകുകയോ ചെയ്തിട്ടില്ലെന്നും ഉറപ്പു വരുത്തേണ്ടതുണ്ട്.