Health

സ്ഥിരം ചായകളെ ഒന്നു മാറ്റിപ്പിടിക്കൂ..ഗുണമേറെയുള്ള ചെമ്പരത്തിച്ചായ കുടിക്കൂ

ലെമണ്‍ ടീ, ജിഞ്ചര്‍ ടീ, തന്തൂരി ചായ തുടങ്ങി വിവിധ തരം ചായകളിങ്ങനെ പല രുചികളായി കത്തിക്കയറുമ്പോഴാണ് ചുവപ്പന്‍ കളറില്‍ ചെമ്പരത്തിച്ചായയുടെ വരവ്. മലയാളിക്ക് അത്ര പരിചയമില്ലെങ്കിലും ചെമ്പരത്തി ചായ പതിയെ പതിയ ചായക്കപ്പുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. കാണാനുള്ള ഭംഗി മാത്രമല്ല, ഗുണത്തിലും മുന്‍പനാണ് ചെമ്പരത്തിച്ചായ.

ചെമ്പരത്തിച്ചായ ഉണ്ടാക്കാനും എളുപ്പമാണ്. ആറോ ഏഴോ പൂവിന്റെ ഇതളുകള്‍ മാത്രമെടുത്ത്‌ 100 മില്ലി വെള്ളത്തില്‍ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും. ഇത്‌ അരിച്ചെടുത്ത്‌ ‘ചെമ്പരത്തി കട്ടന്‍’ ആയി ഉപയോഗിക്കാം. തുല്യയളവ്‌ പാലും കൂടി ചേര്‍ത്താല്‍ പാല്‍ ചായയായും ഉപയോഗിക്കാം.

വൃക്കത്തകരാറുള്ളവരില്‍ മൂത്രോത്പാദനം സുഗമമാക്കാന്‍ പഞ്ചസാര ചേര്‍ക്കാത്ത ചെമ്പരത്തി ചായ നല്ലതാണ്. ടെന്‍ഷന്‍ കുറയ്ക്കാനും ഇത് സഹായകരമാണ്. ദഹനസംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കാനും ചെമ്പരത്തിച്ചായ സഹായിക്കും. ചെമ്പരത്തി ഒരു പ്രകൃതിദത്ത ദഹനസഹായിയായി പ്രവര്‍ത്തിക്കുകയും, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ചെമ്പരത്തി ഇലകൊണ്ടുള്ള ചായ നല്ല ദഹനം നല്‍കുകയും, അതു വഴി കൊഴുപ്പ് അമിതമായി ശരീരത്തിലടിയുന്നത് തടയുകയും ചെയ്യും.

പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാനുപയോഗിക്കാറുണ്ട്. പുളി രുചിയാണ് ഇതിനു പൊതുവേ ഉള്ളത്. മധുരത്തിനായി പഞ്ചസാര ചേർത്തുപയോഗിക്കുന്നു. ഈ ചായയിൽ ജീവകം-സി, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. പാരമ്പര്യമായി ശക്തികുറഞ്ഞ ഒരു ഔഷധമായി കരുതിവരുന്ന പാനീയമാണിത്.

ദോഷകരമായ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെമ്പരത്തി ഇലകൊണ്ടുള്ള ചായ ഫലപ്രദമാണ്. ധമനികളില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും അതുവഴി കൊള്സ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും. ചുമ, ജലദോഷം എന്നിവയെ തടയാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി സമൃദ്ധമായി ചെമ്പരത്തി ചായയിലും, മറ്റ് ഉത്പന്നങ്ങളിലുമടങ്ങിയിരിക്കുന്നു. ജലദോഷത്തിന് ശമനം കിട്ടാനും ഇവ സഹായിക്കും.