Health International

ആശ്വാസവാര്‍ത്തയുമായി ചൈന; കുരങ്ങുകളില്‍ നടത്തിയ കോവിഡ് മരുന്ന് പരീക്ഷണം സമ്പൂര്‍ണ്ണ വിജയമെന്ന് റിപ്പോര്‍ട്ട്

പിക്കോവാക് എന്ന് ചൈന പേരിട്ടിരിക്കുന്ന ഈ വാക്സിൻ കുരങ്ങുകളിൽ അതീവ ഫലപ്രദമാണെന്നാണ് ചൈനയുടെ വാദം

കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. ലക്ഷക്കണക്കിന് പേരുടെ ജീവന്‍ കോവിഡ് കവര്‍ന്നെടുത്തുകൊണ്ടിരിക്കുമ്പോഴും ഇതുവരെ ഫലപ്രദമായ ഒരു മരുന്ന് കണ്ടുപിടിക്കാന്‍ ശാസ്ത്രലോകത്തിനായിട്ടില്ല. മറ്റ് പല അസുഖങ്ങള്‍ക്കും ഉപയോഗിക്കുന്ന മരുന്നുകളാണ് നിലവില്‍ കോവിഡ് രോഗികളുടെ ചികിത്സക്കായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. പല രാജ്യങ്ങളും കോവിഡിന് മരുന്ന് കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇക്കൂട്ടത്തില്‍ കൊറോണ ആദ്യം സ്ഥിരീകരിച്ച ചൈനയിലും മരുന്ന് പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഈയിടെ കുരങ്ങുകളില്‍ നടത്തിയ കോവിഡ് മരുന്ന് പരീക്ഷണം സമ്പൂര്‍ണ്ണ വിജയമായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പിക്കോവാക് എന്ന് ചൈന പേരിട്ടിരിക്കുന്ന ഈ വാക്സിൻ കുരങ്ങുകളിൽ അതീവ ഫലപ്രദമാണെന്നാണ് ചൈനയുടെ വാദം.ബെയ്ജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനോവാക് ബയോടെക് എന്ന സ്ഥാപനമാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്.കുരങ്ങിന്റെ ശരീരത്തിൽ ശക്തി കുറച്ച ഒരു വൈറസിനെ നിക്ഷേപിച്ച്, പ്രതിരോധ ആന്റിബോഡി ഉത്പാദിപ്പിക്കാൻ ശരീരത്തെ നിർബന്ധിതമാക്കുന്ന രീതിയാണ് ശാസ്ത്രജ്ഞർ അവലംബിച്ചത്.പ്രതീക്ഷ തെറ്റാതെ ഉല്പാദിപ്പിക്കപ്പെട്ട ആന്റിബോഡികൾ ശരീരത്തിലെ മറ്റു നോർമൽ വൈറസുകളെയും നശിപ്പിച്ചുവെന്നും പരീക്ഷണത്തിന്റെ ഫലം തികച്ചും തൃപ്തി നല്‍കുന്നതാണെന്നും ലാബ് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.

പരീക്ഷണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മെയ് 6ലെ സയന്‍സ് മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷക സംഘത്തിന്റെ തലവനും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാബോറട്ടറി അനിമല്‍ സയന്‍സ് ഡയറക്ടര്‍ ക്വിന്‍ ചുവാന്‍, സിനോവാക് ബയോടെക് എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കൊറോണക്ക് മരുന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായി മൃഗങ്ങളില്‍ നടത്തിയ ആദ്യ പരീക്ഷണമായിട്ടാണ് ചൈനയുടെ പരീക്ഷണത്തെ കാണുന്നത്.

നിലവില്‍ ചൈനയുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ കോവിഡ് മരുന്നിന് വേണ്ടിയുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ഇറ്റലിയും ഇസ്രായേലും തങ്ങള്‍ കോവിഡിനുള്ള വാക്സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്ത് വന്നിരുന്നു.