Health

ഉലുവയില; പ്രമേഹ രോഗികള്‍ക്ക് എല്ലാ ദിവസവും കഴിക്കാം

ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നാണ് ഉലുവയില. ഇപ്പോള്‍ കേരളത്തിലെ ഭക്ഷണമേശയിലും ഉലുവയില സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യയില്‍ രാജസ്ഥാനിലാണ് ഏറ്റവും അധികം ഉലുവ കൃഷി ചെയ്യുന്നത്. പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ നിത്യവും ഉള്‍പ്പെടുത്തുന്ന ഒരിനമായി ഉലുവയില മാറിയിട്ടുണ്ട്.

ഉലുവ മുളപ്പിക്കുന്നത് നമുക്ക് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒന്നാണ്. ചട്ടിയിലോ പ്ളാസ്റ്റിക് ചാക്കുകളിലോ ഉലുവ കൃഷിചെയ്യാം. ഒരു കിലോ ചകിരി കമ്പോസ്റ്റും ഒരു കിലോ മണലും രണ്ടു കിലോ ഉണങ്ങിയ ചാണകപ്പൊടിയും ചേര്‍ത്തുണ്ടാക്കിയ മിശ്രിതത്തിനു മുകളില്‍ വേണം ഉലുവ കൃഷി ചെയ്യാന്‍. ഉലുവ അഞ്ചുമണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്തുവയ്ക്കണം. മിശ്രിതം തയ്യാറായാല്‍ അതിനു മുകളില്‍ വെള്ളത്തില്‍ കുതിര്‍ത്ത ഉലുവ പാകാം. പാകിക്കഴിഞ്ഞാല്‍ നേര്‍ത്ത പാളി മണല്‍ അതിനു മുകളിലായി വിതറണം. നേരിയ തോതില്‍ നനയ്ക്കണം. തണലത്തുവേണം ഉലുവ പാകിയ മിശ്രിതം വയ്ക്കാന്‍. ഒരാഴ്ചയ്ക്കകം വിത്തു മുളയ്ക്കും. മുളച്ച് 10–ാം ദിവസം മുതല്‍ ഉലുവയില പറിച്ചെടുക്കാം. നേര്‍ത്ത തണ്ടും മൂന്നിതളുള്ള ചെറിയ ഇലകളും അടങ്ങിയതാണ് ഉലുവച്ചെടി.