Health

ശരിക്കും എന്താണ് പ്രമേഹം? എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

പ്രമേഹം കീഴ്പ്പെടുത്തുന്ന ആളുകളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അത്രയധികം പ്രമേഹ രോഗികള്‍ നമ്മുടെ രാജ്യത്തുണ്ട്. പ്രത്യേകിച്ചും കേരളത്തില്‍. ജീവിതശൈലിയിലെ മാറ്റങ്ങള്‍ തന്നെയാണ് മിക്കവരെയും ഈ രോഗത്തിന് അടിമയാകുന്നത്. എന്നാല്‍ ശരിക്കും എന്താണ് പ്രമേഹം, പ്രമേഹ രോഗികള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് ഡോ.ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

സെക്കൻഡ്‌ ഒപീനിയൻ – 060

പ്രായം പത്ത്‌ നാൽപത്‌ കഴിഞ്ഞു. ഷുഗറും പ്രഷറുമൊക്കെയാണ്‌ പ്രധാന സമ്പാദ്യം. എന്നാലും വേണ്ടില്ല, രാത്രി കിടന്നുറങ്ങാൻ പറ്റിയിരുന്നു. ഇടക്കൊരു കൈകാൽ തരിപ്പ്‌ തുടങ്ങി. ഇപ്പോ എന്താന്ന്‌ വെച്ചാൽ കാൽ വേദനിച്ചിട്ട്‌ ഉറങ്ങാനേ പറ്റുന്നില്ല, ചെരുപ്പ്‌ കാലിൽ നിന്ന്‌ ഊരിപ്പോകുന്നത്‌ അറിയുന്നില്ല, കൈക്കും തരിപ്പ്‌. അതും പോട്ടെ, പ്രമേഹം കൂടിയപ്പോൾ ഉദ്ധാരണശേഷിക്കുറവും തുടങ്ങിയിരിക്കുന്നു. ആരോട്‌ പറയും, എന്ത് ചെയ്യും? ഭയപ്പെടാതീങ്കേ, #SecondOpinion പറഞ്ഞ്‌ തരാം.

ഡയബറ്റിസ്‌ എന്ന്‌ വെച്ചാൽ എന്താന്നറിയോ? മനുഷ്യർക്ക്‌ മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞാൽ ശരീരത്തിലെ പഞ്ചസാരയെല്ലാം ചാക്കിൽ കെട്ടി വെക്കേണ്ട ഇൻസുലിൻ എന്ന ചങ്ങായി പണിമുടക്ക് പ്രഖ്യാപിച്ച്‌ ആ പഞ്ചാര മൊത്തം രക്‌തത്തിലൂടെ തത്തക്കംപിത്തക്കം ഓടിക്കളിക്കുന്ന അവസ്‌ഥയാണ്‌ പ്രമേഹം. ഇൻസുലിൻ ഉണ്ടാക്കേണ്ട പാൻക്രിയാസിലെ ബീറ്റാ കോശങ്ങൾ പണി മുടക്കുന്നതാണത്രേ കാരണം. മലയാളീസ്‌ ആഗ്നേയഗ്രന്‌ഥി എന്ന്‌ പറയണ ആ സാധനമാണ്‌ ഈ പറയണ പാൻക്രിയാസ്‌. അങ്ങനെ ആ ക്രിയ മുടങ്ങി നമുക്ക്‌ പണി പഞ്ചാരവെള്ളത്തിൽ കിട്ടി ചോര മൊത്തം ഗ്ലൂക്കോസ്‌ വെള്ളം മാതിരിയായാൽ നല്ല രസായിരിക്കുമല്ലേ? ഹൗ സ്വീറ്റ്‌ ! അല്ലേയല്ല, എല്ലാ സിസ്‌റ്റംസും തവിടുപൊടിയാകാൻ ഇത്‌ മാത്രം മതി.

അത്തരത്തിൽ പ്രമേഹം ഞരമ്പുകളെ ബാധിക്കുന്നതിന്‌ ഡയബറ്റിക്‌ ന്യൂറോപതി എന്ന്‌ പറയും. എന്തേലും പറഞ്ഞോട്ടെ. ഇതുള്ളത്‌ കാരണം പലതരം കുഴപ്പങ്ങളുണ്ടാകും. ഈ വെറുതെ നടക്കുന്ന ഗ്ലൂക്കോസ്‌ ഞരമ്പുകളുടെ ഘടന തന്നെ ചീത്തയാക്കും. ഗ്ലൂക്കോസുള്ള ചോരക്ക്‌ സ്വാഭാവികമായും കട്ടി കൂടുതലായിരിക്കും. ആരോഗ്യമുള്ളയാളുടെ കിടിലൻ ചോര പോലെ കുഞ്ഞു രക്‌തക്കുഴലിലൊന്നും ഈ പഞ്ചാര ചോര എത്തില്ല. രക്‌തം സപ്ലൈ ചെയ്‌ത്‌ ഞരമ്പിനെ പരിപോഷിപ്പിക്കുന്ന കുഞ്ഞൻ കാപില്ലറികളൊക്കെ ഒന്നൊന്നായി പണി മുടക്കും. പട്ടിണി കിടന്നാൽ പിന്നെ ഞരമ്പ് ചത്ത്‌ പോകൂലേ? ഉറപ്പായും. എന്താ ചെയ്യുക?

ലക്ഷണങ്ങൾ പുറത്ത്‌ കണ്ട്‌ തുടങ്ങുമ്പഴേക്ക്‌ ഞരമ്പുകളെ അത്യാവശ്യം വലിയ തോതിൽ ഇത്‌ ബാധിച്ച്‌ തുടങ്ങീട്ടുണ്ടാവും. കാലിലും പാദത്തിലും തുടങ്ങുന്ന തരിപ്പ്‌ പയ്യേ കൈകളിലെത്തും. രാത്രി വേദന കൂടുതലായിരിക്കും. ദേഹത്തെ മസിലുകളിലേക്കുള്ള ഞരമ്പുകളും രക്‌തസഞ്ചാരവും കുറഞ്ഞ്‌ മസിലുകൾ ബലം കുറഞ്ഞും മെലിഞ്ഞ്‌ തൂങ്ങിയുമിരിക്കാൻ തുടങ്ങും. ഉദ്ധാരണശേഷിക്കുറവ്‌, ആന്തരികാവയവങ്ങളെ ബാധിക്കൽ… അങ്ങനെയങ്ങനെ നീളുന്നു ലക്ഷണങ്ങളുടെ ലിസ്‌റ്റ്‌.

ചികിത്സ ഫലിക്കാൻ ആദ്യം വേണ്ടത്‌ രക്‌തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയെന്നതാണ്‌. ഭക്ഷണം ചെറിയ അളവിൽ പല നേരമായി കഴിക്കുക, ആഴ്‌ചയിൽ അഞ്ച്‌ ദിവസമെങ്കിലും അര മണിക്കൂർ വ്യായാമം ചെയ്യുക, ധാരാളം വെള്ളം കുടിക്കുക, മാനസികസമ്മർദം ഒഴിവാക്കുക എന്നിവയാണ്‌ ആദ്യം ചെയ്യേണ്ടത്‌. പ്രമേഹം ഒരു രോഗമല്ല, ഒരു രോഗാവസ്‌ഥയാണ്‌. അത്‌ കൊണ്ട്‌ തന്നെയാണ് അതിനെ ജീവിതശൈലീരോഗമെന്ന്‌ വിളിക്കുന്നത്‌. എന്നിട്ടും കാര്യങ്ങൾ കൈയ്യീന്ന്‌ പോണെങ്കിൽ ഇങ്ങോട്ട്‌ പോരേ, മരുന്ന്‌ തന്ന്‌ വിടാം. മരുന്നിലും ഒതുങ്ങാത്ത പ്രമേഹത്തിന്‌ ഡോക്ടർ ഇൻസുലിൻ നിർദേശിച്ചാൽ ഉടൻ മറുകണ്ടം ചാടി ഒറ്റമൂലി വിഴുങ്ങാനും കപടചികിത്സക്കും പോകരുത്‌. അവസാനം വൃക്കയടക്കം പണി മുടക്കി ഡയാലിസിസ് മെഷീനിലെത്തുമ്പോൾ എന്നോ നാലു മാസം കഴിച്ച ഗുളികക്ക്‌ കുറ്റവും കുറവും പറഞ്ഞാലും വേണ്ടില്ല, നമ്മൾ സഹിക്കും. പക്ഷേ, അന്നേരം നിങ്ങൾ ശരിക്കും ‘രോഗി’ ആയി മാറിക്കഴിഞ്ഞിട്ടുണ്ടാകും. ജീവിതശൈലീക്രമീകരണവും മരുന്നും കൊണ്ട്‌ നിങ്ങൾക്ക്‌ സിമ്പിളായി സുഖസുന്ദരമായി ജീവിക്കാം.

പ്രമേഹം നിയന്ത്രണവിധേയമായി കൊണ്ടു നടക്കുന്നതിനോടൊപ്പം ശ്രദ്ധിക്കേണ്ട അല്ലറചില്ലറ സംഗതികൾ കൂടെയുണ്ട്‌. തരിപ്പ്‌ വന്നത്‌ വന്നു, ഉള്ളത്‌ കൂടാതിരിക്കാനും ഉണ്ടായത്‌ പോവാനും മരുന്നുകളുണ്ട്‌. കൂടെ, വീടിനകത്ത്‌ ഉപയോഗിക്കാവുന്ന ചെരിപ്പുകൾ സമാധാനം പകരും. വീടിന്‌ പുറത്ത്‌ ചെരിപ്പിടാതെ നടക്കരുത്‌. കാലിലെ കുഞ്ഞുമുറിവുകളെ പോലും അവഗണിച്ച്‌ പഴുപ്പാക്കരുത്‌. കാഴ്‌ചക്കുറവുണ്ടെങ്കിൽ കണ്ണട വെച്ച്‌ നല്ല വെളിച്ചത്തിൽ മാത്രം കാൽനഖം വെട്ടുക. ഞരമ്പും രക്‌തക്കുഴലുകളും പണിമുടക്കിലാണെന്ന്‌ സദാ ഓർമ്മ വേണം. വേദനയറിയാത്തത്‌ കാര്യമാക്കേണ്ട. മുറിവുണ്ടായാൽ പഴുക്കാനും അത്‌ മാറാതെ അവയവം നഷ്‌ടപ്പെടാനും സാധ്യതയേറെയാണ്‌. ഉപ്പൂറ്റിയിലെ വിണ്ടുകീറലുകലുകളും കുഞ്ഞു മുറിവുകളുമൊക്കെ ഡോക്‌ടറുടെ മുന്നിലെത്തിക്കുക. വൃത്തിയായിരിക്കുക.

കണ്ണ്‌, വൃക്ക തുടങ്ങിയവയെ ബാധിക്കുന്നുണ്ടോ എന്നും നേരത്തിന്‌ പരിശോധിച്ച്‌ കണ്ടെത്തണം. പ്രമേഹസംബന്ധിയായ ഉദ്ധാരണശേഷിക്കുറവിനും കൃത്യമായ ചികിത്സയുണ്ട്‌. വിഷമിക്കേണ്ട. പ്രമേഹമുള്ളത്‌ കൊണ്ട്‌ വയസ്സനായീന്ന്‌ നാട്ടാര്‌ പറയുന്നതല്ലേ? പോവാമ്പ്ര..

വാൽക്കഷ്‌ണം : പ്രമേഹം പൂർണമായും മാറ്റാനാവുമോ? പാൻക്രിയാസ്‌ കോശങ്ങൾക്കുണ്ടാകുന്ന സ്‌ഥിരമായ ഡാമേജ്‌ കൊണ്ടാണ്‌ ഈ അവസ്‌ഥ വരുന്നതെന്ന്‌ പറഞ്ഞല്ലോ. സ്വാഭാവികമായും ആ സിസ്‌റ്റം കേടായിക്കഴിഞ്ഞു. അത്‌ നന്നാക്കാൻ പറ്റൂല. പകരം, ഉള്ള ഇൻസുലിൻ കൊണ്ട്‌ നല്ലവണ്ണം ജീവിക്കാൻ നോക്കാം. എന്നിട്ടും ഷുഗർ കുറയുന്നില്ലേൽ മരുന്ന്‌ വേണം, ചിലപ്പോൾ ഇൻസുലിനും വേണ്ടി വരാം. ജീവിതം ക്രമീകരിച്ച്‌ മരുന്നും കഴിച്ച്‌ സ്‌പെയർപാർട്ട്‌സ്‌ ഒന്നും ഡാമേജാകാതെ ഹാപ്പിയായി ജീവിക്കാം. മരുന്ന്‌ കഴിച്ചാൽ ലിവറോ വൃക്കയോ ചീത്തയാകില്ല, ആരോഗ്യം കാക്കുകയേ ഉള്ളൂ. മരുന്ന്‌ കഴിക്കാതെ മധുരം തോന്നുംപടി കഴിച്ച്‌ വയ്യാണ്ടാവുമ്പോൾ ഐസിയുവിന്‌ ഒരു മുതൽക്കൂട്ടാകുന്ന പരുവത്തിൽ ജീവിക്കരുത്‌ പ്ലീസ്‌… നമുക്ക്‌ ആരോഗ്യമുള്ള നമ്മളെയാണ്‌ വേണ്ടത്‌.