Health

ഈ കാര്യങ്ങൾ അറിഞ്ഞാൽ ഹൃദയാഘാതം സംഭവിച്ചവരുടെ ജീവൻ രക്ഷിക്കാം

ഹൃദയാഘാതം ഉണ്ടായിക്കഴിഞ്ഞാൽ ആശുപത്രിയിൽ എത്തിക്കുന്നത് വരെ ഹൃദയത്തിന്റെ പ്രവർത്തനം നിലനിർത്താൻ പാലിക്കേണ്ട ചില കാര്യങ്ങള്‍

ഹൃദയാഘാതം കാരണമായുള്ള മരണങ്ങൾ ഇന്ന് സാധാരണമാണ്. രാത്രിയിൽ സാധാരണപോലെ കിടന്നുറങ്ങിയവർ രാവിലെ ഉണരുന്നതിനു മുമ്പേ മരണത്തിലേക്ക് യാത്രയാവുന്ന ഹൃദയഭേദകമായ കാഴ്ച്ചകളും വാർത്തകളും നാം നിത്യേന കാണുന്നതാണ്. ഹൃദയാഘാതമുണ്ടാകുന്ന ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാവുന്ന പല സന്ദർഭങ്ങളിലും അജ്ഞത കാരണം അതിന് കഴിയാത്ത അവസ്ഥയുണ്ടാകാറുണ്ട്.

ഹൃദയാഘാതത്തെ തുടർന്നുണ്ടാകുന്ന മരണങ്ങളിൽ 50 ശതമാനവും ആദ്യ ഒരു മണിക്കൂറിലാണ് നടക്കുന്നത്.

ഹൃദയാഘാതം സംഭവിച്ചതിനു ശേഷമുള്ള ഓരോ നിമിഷവും ഹൃദയപേശിയിലെ കോശങ്ങൾ നശിച്ചു തുടങ്ങുന്നതിനാൽ പേശികളുടെ നാശം എത്രത്തോളം കുറയ്ക്കാമോ അത്രത്തോളം കുറച്ച് രോഗിയെ രക്ഷിക്കുക എന്നതാണ് ആധുനിക ചികിത്സയുടെ പ്രധാന ലക്ഷ്യം. ഹൃദയാഘാതമുണ്ടായ രോഗിയെ എത്രയും പെട്ടന്ന് അടുത്തുള്ള ഹൃദ്രോഗ ചികിത്സാ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വേണ്ടിവന്നാൽ രോഗിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയമാക്കേണ്ടി വരും.

ഹൃദയാഘാതം ഉണ്ടായിക്കഴിഞ്ഞാൽ ആശുപത്രിയിൽ എത്തിക്കുന്നത് വരെ ഹൃദയത്തിന്റെ പ്രവർത്തനം നിലനിർത്താൻ പാലിക്കേണ്ട ചില കാര്യങ്ങളാണ് താഴെ പറയുന്നു:

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഹൃദയാഘാതം വന്ന രോഗിയുടെ മുഖത്ത് തണുത്ത വെള്ളം തളിക്കരുത്, ഇത് രോഗാവസ്ഥ തീവ്രമാക്കും
  • ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി സൗകര്യമുള്ള ഹൃദ്രോഗ ചികിത്സാ കേന്ദ്രത്തിൽ രോഗിയെ എത്തിക്കുന്നതിനാണ് ആദ്യ പരിഗണന നൽകേണ്ടത്.
  • രോഗി ധരിച്ചിരിക്കുന്ന ഇറുകിയ വസ്ത്രങ്ങൾ ഊരുകയോ അയച്ചിടുകയോ ചെയ്യുക
  • രോഗിക്ക് ബോധം ഉണ്ടെങ്കിൽ തലയും തോളും തലയിണ കൊണ്ട് താങ്ങി ചാരിയിരുത്തുക
  • രോഗിയുടെ നാഡീമിടൂപ്പും ബി.പിയും പരിശോധിച്ച ശേഷം ഇവ കുറവാണെങ്കിൽ രോഗിയെ നിരപ്പായ പ്രതലത്തിൽ മലർത്തിക്കിടത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം ഉറപ്പാക്കുക
  • ഹൃദയാഘാതം ഉണ്ടായി ആദ്യ നാലു മണിക്കൂറിൽ കുടിക്കുവാനോ കഴിക്കുവാനോ ഒന്നും നൽകരുത്
  • രോഗിയുടെ ബോധം നഷ്ടപ്പട്ട് പൾസ് നിലച്ചാൽ സി.പി.ആർ പരിശീലനം ലഭിച്ചവരുണ്ടെങ്കിൽ അത് നൽകിക്കൊണ്ട് എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കുക
  • രോഗിക്ക് പൂർണ്ണ വിശ്രമം നൽകി വീൽ ചെയറിലോ കസേരയിലോ സ്ട്രെച്ചറിലോ മാത്രം രോഗിയെ മാറ്റുക

ഈ കാര്യങ്ങൾ നമ്മുടെ ഓർമയിലുണ്ടെങ്കിൽ നമുക്ക് പലരുടേയും ജീവൻ രക്ഷിക്കാനാവും.

(കോഴിക്കോട് മെട്രോ ഹോസ്പിറ്റലിൽ കൺൽട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ആണ് ലേഖകൻ)