തിരക്കേറിയ ജീവിത ശൈലി മൂലം കഠിനമായ സമ്മര്‍ദ്ദങ്ങളിലൂടെയാണ് പലരും കടന്നുപോകുന്നത്. ഇത് പിന്നീട് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കും. വ്യായാമം പതിവാക്കുക എന്നതാണ് ഇതിന് വളരെ ഫലപ്രദമായ ഒരു പരിഹാരം. ഇതില്‍ ഏറ്റവും എളുപ്പമുള്ളതും എന്നാല്‍ നിരവധി ഗുണങ്ങളുള്ളതുമായ വ്യായാമ മാര്‍ഗമാണ് അതിരാവിലെയുള്ള നടത്തം. ഇതിലൂടെ ഹൃദ്രോഗ സാധ്യതകളെ വരെ തടയാം.
മോണിംങ് വാക്ക് അഥവാ രാവിലെയുള്ള നടത്തത്തിന്റെ ഏതാനും ഗുണങ്ങള്‍ അറിയാം..
പതിവായി നടക്കുന്നത് ഹൃദയാഘാത സാധ്യത പകുതിയായി കുറക്കും. ശാരീരിക വ്യായാമവും ഹൃദയാഘാത സാധ്യത കുറയുന്നതും തമ്മിൽ ബന്ധമുണ്ട്. അതിനാല്‍ തന്നെ ഹൃദ്രോഗ സാധ്യത കുറക്കാൻ ഇത് സഹായിക്കും.
രാവിലെ നടത്തം പതിവാക്കുന്നത‌് ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും ശക്തി വർദ്ധിപ്പിക്കും. ഇതുമൂലം കൂടുതല്‍ നേരം വ്യായാമം ചെയ്യാനും സാധിക്കും. കൂടാതെ അധികം ക്ഷീണമില്ലാതെ തന്നെ ദൈനംദിന പ്രവര്‍ത്തനങ്ങളും അനായാസമായി ചെയ്യാന്‍ കഴിയും. രോഗപ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും രോഗങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യും.
ദിനേനയുള്ള നടത്തം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കുകയും രക്തപ്രവാഹം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ ഉയർന്ന രക്തസമ്മർദ്ദം, ഹൈപ്പർടെൻഷൻ എന്നിവ കുറക്കാന്‍ സഹായിക്കും.
പതിവായി നടക്കുന്നത് രക്തത്തിലെ ‘നല്ല’ കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കും. ഇത് ഹൃദയാഘാത സാധ്യത കുറക്കും.
അതിരാവിലെ തന്നെ ലഭിക്കുന്ന ഓക്സിജന്‍ വലിയ അളവിലുള്ള ഊർജ്ജം നൽകും. പ്രത്യേകിച്ച് സന്ധികൾക്ക്.
ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിലൂടെ ആത്മവിശ്വാസവും വർദ്ധിക്കും. ദൈർഘ്യമുള്ള ദൈനംദിന ജീവിതശൈലിയിൽ നിന്ന് ചിലവാക്കുന്ന ഈ സമയം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ സഹായിക്കും.
നടത്തം പതിവാക്കുന്നതിലൂടെ തടി കുറക്കാനും സഹായിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ആഴ്ചയിൽ നാല് തവണ 45 മിനിറ്റ് വീതം നടന്നാല്‍ തന്നെ ശരാശരി ഒരാൾക്ക് ഒരു വര്‍ഷം 8 മുതൽ 10 കിലോ വരെ ശരീരഭാരം കുറക്കാന്‍ സാധിക്കും. നടക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനും പേശികളെ ബലപ്പെടുത്താനും സഹായിക്കും.