വിഷാദരോഗം എങ്ങനെയാണ് താന്‍ അതിജീവിച്ചതെന്ന് വെളിപ്പെടുത്തുകയാണ് നടി സനുഷ. ആത്മഹത്യാ ചിന്തയുണ്ടായി. ചിരി നഷ്ടമായി. സൈക്കോളജിസ്റ്റിനെയോ സൈക്യാട്ടിസ്റ്റിനെയോ കാണുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് ഇപ്പോഴും പലരും ചിന്തിക്കുന്നത്. എന്നാല്‍ വിഷാദരോഗമുള്ളവര്‍ സഹായം തേടാന്‍ മടിക്കരുതെന്ന് സനുഷ ഓര്‍മിപ്പിക്കുന്നു.
സനുഷയുടെ വാക്കുകൾ:
ഒരുസമയത്ത് ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് എന്‍റെ ചിരിയാണ്. കൊറോണയുടെ സമയത്ത് ലോക്ക്ഡൌണ്‍ തുടക്കം എല്ലാംകൊണ്ടും എനിക്ക് ബുദ്ധിമുട്ടേറിയ സമയമായിരുന്നു. എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയും ഒക്കെ എങ്ങനെ ആളുകളോട് പറയുമെന്ന പേടിയായിരുന്നു കുറേക്കാലം. ഒറ്റയ്ക്കായി പോയ പോലെയായിരുന്നു. ആരോടും സംസാരിക്കാന്‍ മൂഡില്ലാതെ, പ്രത്യേകിച്ച് ഒന്നിനോടും താത്പര്യമില്ലാത്ത അവസ്ഥ.
ഒരു ഘട്ടത്തില്‍ എത്തിയപ്പോള്‍ എന്തെങ്കിലും തെറ്റ് ചെയ്തു പോയേക്കുമോ എന്നു പോലും ഭയന്നു. ആത്മഹത്യാ ചിന്തകൾ എന്നെ അലട്ടിക്കൊണ്ടേയിരുന്നു.
ഓടുക എന്നലാതെ ഒരു വഴിയുമില്ല എന്ന അവസ്ഥയിലെത്തി. ഏറ്റവും അടുപ്പമുള്ളവരിൽ ഒരാളെ മാത്രം വിളിച്ച്, ഞാൻ വരികയാണ് എന്നും പറഞ്ഞ് കാറുമെടുത്ത് വയനാട്ടിലേക്ക് പോയി. ആളുകളൊക്കെ കാണുന്ന ചിരിച്ചുകളിച്ചു നിൽക്കുന്ന എന്റെ ചിത്രങ്ങൾ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിക്കേണ്ടിരുന്നപ്പോഴുള്ള സമയത്തേതാണ്. അതിനിടെയിലെ വളരെ വളരെ വിലപ്പെട്ട നിമിഷങ്ങള്‍.. എനിക്ക് തോന്നുന്നത് എല്ലവാരും അങ്ങനെയാണെന്നാണ്. സന്തോഷം മാത്രം കാണിക്കുക, സന്തോഷം മാത്രം പങ്കുവെയ്ക്കുക.. നമ്മുടെ പ്രശ്നങ്ങളെ കുറിച്ചോ പേടികളെ കുറിച്ചോ ആരും ചോദിക്കാറുമില്ല.. പറയാറുമില്ല..
വീട്ടിൽ പറയാനും പേടിയായിരുന്നു. എനിക്ക് അറിയാവുന്ന മിക്ക ആള്‍ക്കാരും പലതരം പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരാണ്. അവരോടൊക്കെ വീട്ടില്‍ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു ഉത്തരം.
സൈക്കോളജിസ്റ്റിന്‍റെയോ സൈക്കാർട്ടിസ്റ്റിന്‍റെയോ സഹായം മാനസികാരോഗ്യത്തിന്‍റെ കാര്യത്തില്‍ തേടുന്നത് ഭ്രാന്ത് ഉള്ളവരാണ് എന്നാണ് ഇപ്പോഴും മിക്കവരും ചിന്തിക്കുന്നത്. അങ്ങനെയൊരു സഹായം തേടിയാല്‍ ആളുകള്‍ എന്തുവിചാരിക്കുമെന്നാണ് പലരും കരുതുന്നത്. അതൊരു മോശം കാര്യമാണെന്നാണ് പലരും കരുതുന്നത്. പ മാതാപിതാക്കള്‍ ഉള്‍പ്പെടെ അങ്ങനെയാണ് കാണുന്നത്. ഞാനും ആരോടും പറയാതെ ഡോക്ടറുടെ സഹായം തേടി. ഇനി വീട്ടിൽ പറഞ്ഞാലും കുഴപ്പമില്ല എന്ന് തോന്നിയപ്പോൾ കാര്യം പറഞ്ഞു. പ്രതീക്ഷിച്ച പോലെ ചെറിയ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായി. നിനക്ക് എന്താ, പ്രശ്നങ്ങളൊന്നുമില്ലല്ലോ, ഞങ്ങളില്ലേ കൂടെ എന്നൊക്കെ അവര്‍ പറഞ്ഞു. അവരൊക്കെ ഉണ്ടായിരുന്നു. എന്നാലും ചില ഘട്ടങ്ങളില്‍ നമുക്ക് പറയാന്‍ കഴിയാറില്ല.
ആ സമയത്ത് ഞാൻ എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്നത് എന്റെ അനിയനോടാണ്. ഡോക്റുടെ അടുത്ത് പോയതും ആത്മഹത്യാ ചിന്തകളുണ്ടായതുമൊക്കെ അവനോട് മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്നെ വേറെയൊന്നിലും ചാടിക്കാതെ പിടിച്ചുനിർത്തിയൊരു ഘടകം എന്‍രെ അനിയനാണ്. ഞാന്‍ പോയാൽ അവനാര് എന്ന ചിന്ത വന്നപ്പോഴാണ് ജീവിച്ചിരിക്കണമെന്ന് തോന്നിയത്.
പിന്നെ തിരിച്ചുവരാനാകുന്ന എല്ലാം ചെയ്തു. യോഗ, മെഡിറ്റേഷന്‍, ഡാൻസ് എല്ലാം തുടങ്ങി. യാത്രകൾ ചെയ്യാന്‍ തുടങ്ങി. കാടിനോടും മലകളോടുമൊക്കെ സംസാരിച്ച് സമയം ചെലവഴിച്ചു. അതിൽ നിന്നൊക്കെ എനിക്ക് വളരെ പ്രിയപ്പെട്ട നിമിഷങ്ങൾ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചു. ഞാൻ ഹാപ്പിയായിരുന്നു എന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഓകെ ആണോ എന്നൊന്നും ആരും ചോദിച്ചില്ല.
സുശാന്തിന്റെ മരണം, വേറെ ആത്മഹത്യാ വാര്‍ത്തകളൊക്കെ കാണുമ്പോള്‍ എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അവരുടെ സ്ഥാനത്ത് സ്വയം ചിന്തിച്ച് സംസാരിക്കാനൊക്കെ ബുദ്ധിമുട്ടായിരുന്നു എനിക്ക്. ഇപ്പോള്‍ ചിന്തിക്കുമ്പോ സ്വയം അഭിമാനമൊക്കെ തോന്നുന്നു. ചിലപ്പോ നമുക്ക് കുടുംബത്തോടെ കൂട്ടുകാരോടോ പറയാന്‍ പറ്റാത്തത് ഡോക്ടറോട് പറയാന്‍ കഴിഞ്ഞേക്കും. അങ്ങനെ സഹായം തേണമെന്ന് തോന്നുവാണെങ്കില്‍ മടി വിചാരിക്കരുത്. എല്ലാവരും ഉണ്ട് ഒപ്പം, വെറും വാക്കായി പറയുന്നതല്ല… ”