Gulf UAE

ഫൈസൽ ഫരീദിനെ യു.എ.ഇ സുരക്ഷാ വിഭാഗം ചോദ്യംചെയ്തു; അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല

എന്‍ഐഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഊന്നിയായിരുന്നു ചോദ്യംചെയ്യലെന്നാണ് വിവരം.

ഫൈസൽ ഫരീദിൽ നിന്ന് യു.എ.ഇ സുരക്ഷാ വിഭാഗം മൊഴിയെടുക്കൽ പൂർത്തിയാക്കിയതായി സൂചന. സ്വർണക്കടത്ത് കേസിൽ എന്‍ഐഎ മൂന്നാം പ്രതിയാക്കിയെങ്കിലും ഫൈസൽ ഫരീദിന്‍റെ അറസ്റ്റ് യുഎഇ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

ഫെഡറൽ അന്വേഷണ ഏജൻസിയാണ് ഫൈസൽ ഫരീദിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. എന്‍ഐഎ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിൽ ഊന്നിയായിരുന്നു ചോദ്യംചെയ്യലെന്നാണ് വിവരം. എന്നാൽ കേസിൽ തന്നെ അന്യായമായി പ്രതിചേർത്തുവെന്ന വാദമാണ് ഫൈസൽ ഫരീദ് അന്വേഷണ ഏജൻസിക്ക് മുമ്പാകെയും വ്യക്തമാക്കിയതെന്ന് അറിയുന്നു. സ്വർണക്കടത്ത് കേസിൽ യുഎഇ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ തെളിവെടുപ്പും ചോദ്യംചെയ്യലും വേണ്ടി വരും. ഈ സാഹചര്യത്തിൽ ഫൈസലിനെ പൊടുന്നനെ ഇന്ത്യക്ക് കൈമാറാൻ ഇടയില്ലെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

ഫൈസൽ ഫരീദിനെ വിട്ടുകിട്ടാൻ അനാവശ്യ ധൃതി ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടാകാനിടയില്ല. കുറ്റവാളികളുടെ കൈമാറ്റ കരാർ നിലവിലുണ്ടെങ്കിലും പരസ്പര ധാരണയോടെയും സഹകരിച്ചും അന്വേഷണ പ്രക്രിയയിൽ മുന്നോട്ടു പോകാനായിരിക്കും ഇന്ത്യയുടെയും നീക്കം.