Gulf

മൂന്നര വർഷത്തെ പ്രതിസന്ധിക്ക് പരിഹാരം; ഗൾഫ് നേതാക്കൾക്ക് അഭിനന്ദനം

മൂന്നര വർഷം നീണ്ട ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിഞ്ഞതിന്‍റെ ആഹ്ലാദത്തിൽ ലോകം. അകൽച്ചയുടെയും വിദ്വേഷത്തിന്‍റെയും സാഹചര്യം മറികടക്കാൻ കഴിഞ്ഞത് ഗൾഫ് രാജ്യങ്ങൾക്കും മേഖലക്കും ഏറെ ഗുണം ചെയ്യുമെന്ന് വിവിധ രാജ്യങ്ങളും കൂട്ടായ്മകളും ചൂണ്ടിക്കാട്ടി.

കടുത്ത ഭിന്നതയിൽ കഴിഞ്ഞ ഖത്തറിനും ചതുർ രാജ്യങ്ങൾക്കുമിടയിൽ ഐക്യകരാർ രൂപപ്പെട്ട വാർത്ത ലോകമൊന്നടങ്കം ആവേശത്തോടെയാണ് എതിരേറ്റത്. രാഷ്ട്രീയ, സൈനിക സംഘർഷം നിറഞ്ഞ ഗൾഫ് മേഖലയിൽ നിന്നുള്ള സന്തോഷകരമായ വാർത്തയാണിതെന്ന് ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറൽ പറഞ്ഞു. ജി.സി.സി രാജ്യങ്ങൾക്കിടയിൽ പുനരൈക്യം ഉണ്ടായതിൽ അമേരിക്ക സംതൃപ്തി പ്രകടിപ്പിച്ചു. പൊതു വെല്ലുവിളികൾ നേരിടാൻ ഈ ഐക്യം ഗൾഫ് രാജ്യങ്ങൾക്ക് കൂട്ടായി മാറുമെന്നും യു.എസ് നേതൃത്വം ചൂണ്ടിക്കാട്ടി. യൂറോപ്യൻ യൂനിയനും ജി.സി.സി നേതൃത്വത്തെ അഭിനന്ദനം അറിയിച്ചു.

അയൽ രാജ്യങ്ങൾക്കിടയിൽ ഐക്യവും കെട്ടുറപ്പും ഉണ്ടാകുന്നത് പശ്ചിമേഷ്യൻ മേഖലയുടെ സമാധാനം ഉറപ്പാക്കുന്നതിൽ നിർണായകമാകുമെന്ന് വിവിധ യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ അഭിപ്രായപ്പെട്ടു. റഷ്യ, ചൈന, ബ്രിട്ടൻ ഉൾപ്പെടെയുള്ള വൻശക്തി രാജ്യങ്ങളും ജി.സി.സി ഐക്യകരാറിനെ താൽപര്യപൂർവമാണ് വീക്ഷിക്കുന്നത്. 22 അംഗ അറബ് ലീഗും മുസ്‍ലിം രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിയും ജി.സി.സി ഉച്ചകോടി തീരുമാനത്തെ പ്രകീർത്തിച്ചു രംഗത്തു വന്നു. തങ്ങളുടെ സ്വാതന്ത്ര്യ പോരാട്ടത്തിന് കരുത്തു പകരുന്നതാണ് അൽ ഉല കരാറെന്ന് ഫലസ്തീൻ വ്യക്തമാക്കി. വിവിധ ഫലസ്തീൻ സംഘടനകളും പിന്തുണയുമായി രംഗത്തുവന്നു. സമവായ നീക്കത്തിന് മുന്നിട്ടിറങ്ങിയ കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ നേതാക്കൾക്കും വിവിധ കൂട്ടായ്മകളും രാജ്യങ്ങളും അഭിനന്ദനം അറിയിച്ചു.