സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ഇരിക്കാന്‍ സീറ്റ് ലഭിച്ചില്ലെന്ന പരാതിയില്‍ വിമാനക്കമ്പനി നഷ്ടപരിഹാരം അനുവദിച്ചു. കോഴിക്കോട്-ജിദ്ദ വിമാനത്തില്‍ ഇരിക്കാന്‍ സീറ്റ് ലഭിച്ചില്ലെന്നായിരുന്നു യാത്രക്കാരിയുടെ പരാതി. മുപ്പത്തിമൂവായിരം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്.
കോഴിക്കോട്-ജിദ്ദ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ഇരിക്കാന്‍ സീറ്റ് ലഭിക്കാത്ത സംഭവത്തില്‍ വിമാനക്കമ്പനി ക്ഷമ ചോദിക്കുകയും നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്തതായി പരാതിക്കാരി അറിയിച്ചു. യാത്രക്കാര്‍ക്ക് ഉണ്ടായ പ്രയാസത്തില്‍ ക്ഷമാപണം നടത്തിയ സ്‌പൈസ് ജെറ്റ് 33,000 രൂപയുടെ വൗച്ചര്‍ ഇഷ്യൂ ചെയ്തു. ഭാവിയില്‍ സ്‌പൈസ് ജെറ്റില്‍ യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് വൗച്ചര്‍ അനുവദിച്ചത്. പരാതിയുമായി ബന്ധപ്പെട്ട് വിമാനജീവനക്കാരോടും ട്രാവല്‍ ഏജന്‍സിയോടും വിശദീകരണം ചോദിച്ച ശേഷമാണ് നഷ്ടപരിഹാരം അനുവദിച്ചത്.
കോഴിക്കോട്-ജിദ്ദ വിമാനത്തില്‍ സെപ്തംബര്‍ 12ന് യാത്ര ചെയ്ത രണ്ട് വയസ് പിന്നിട്ട കുട്ടിക്കാണ് ഇരിക്കാന്‍ സീറ്റ് ലഭിച്ചില്ലെന്ന് കാണിച്ച് കുട്ടിയുടെ മാതാവ് സ്‌പൈസ്‌ജെറ്റിനും സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്കും പരാതി നല്‍കിയത്. മുതിര്‍ന്നവരുടെ ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടും, ബോര്‍ഡിംഗ് പാസില്‍ സീറ്റ് നമ്പര്‍ ഉണ്ടായിട്ടും കുട്ടിക്ക് സീറ്റ് ലഭിച്ചില്ല എന്നു പരാതിയില്‍ പറയുന്നു. യാത്രയിലുടനീളം കുട്ടിയെ മടിയില്‍ ഇരുത്തിയ ദൃശ്യങ്ങള്‍ സഹിതമായിരുന്നു പരാതി നല്‍കിയത്.