റമദാനോടനുബന്ധിച്ച് 210 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. കുടുംബ ബന്ധങ്ങള്‍ ശക്തമാക്കുക ലക്ഷ്യമിട്ട് എല്ലാ വര്‍ഷവും ഇത്തരത്തില്‍ തടവുകാര്‍ക്ക് പുണ്യ മാസത്തില്‍ മോചനം നല്‍കാറുണ്ട്.
ക്ഷമാശീലവും സഹിഷ്ണുതയും അടിസ്ഥാനമാക്കിയുള്ള സുല്‍ത്താന്റെ മനുഷ്യത്വപരമായ പദ്ധതികളുടെ ഭാഗമാണിത്.ഷാര്‍ജ ഭരണാധികാരിയുടെ ഉദാരമായ നടപടിക്ക് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി നന്ദി അറിയിച്ചു.
തടവുകാരുടെ കുടുംബത്തില്‍ ഈ പുണ്യ ദിവസങ്ങളില്‍ സന്തോഷം പകരുന്ന നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ തടവുകാര്‍ക്ക് പുതിയൊരു ജീവിതം തുടങ്ങാനാകും. ഒരു നല്ല ജീവിതം നയിക്കാന്‍ തടവുകാരെ ഈ നടപടി പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍ ഷംസി പറഞ്ഞു.