സൗദിയിൽ ഔദ്യോഗിക കാര്യങ്ങൾ ഇനി ഗ്രിഗോറിയൻ കലണ്ടർ പ്രകാരമായിരിക്കുമെന്ന് സൗദി മന്ത്രിസഭയുടെ തീരുമാനം. ഇസ്ലാമിക ശരീഅത്ത് അനുസരിച്ചുള്ള ആചാരങ്ങൾ ഹിജ്റി കലണ്ടർ പ്രകാരം തന്നെയായിരിക്കും. രാജ്യത്തെ എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും ഇടപാടുകളും ഗ്രിഗോറിയൻ കലണ്ടറിൻറെ അടിസ്ഥാനത്തിൽ കണക്കാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.
ഇസ്ലാമിക ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള ആചാരങ്ങളും മറ്റും ഹിജ്റി കലണ്ടർപ്രകാരം തന്നെ തുടരും. ഹിജ്റി തിയ്യതിയുടെ അടിസ്ഥാനത്തിലാണ് അത്തരം കാര്യങ്ങൾ ആചരിക്കേണ്ടത് എന്ന മതവിധി ഉണ്ടായത് കൊണ്ടാണ് ഈ ഇളവ്. ഔദ്യോഗികവും നിയമപരവുമായ ചില കാര്യങ്ങൾ സൗദി നേരത്തെ തന്നെ ഗ്രിഗോറിയൻ കലണ്ടർ പ്രകാരം കണക്കാക്കി തുടങ്ങിയിരുന്നു. എന്നാൽ ഹിജ്റി കലണ്ടർ ഔദ്യോഗിക കലണ്ടർ ആയും ഗ്രിഗോറിയൻ കലണ്ടർ രണ്ടാമതായുമാണ് ഉപയോഗിച്ചിരുന്നത്.
പുതിയ തീരുമാനപ്രകാരം ഗ്രിഗോറിയൻ കലണ്ടറിനായിരിക്കും ഇനി മുൻഗണന. ഹിജ്റി കലണ്ടറിൽ ഗ്രിഗോറിയൻ കലണ്ടറിനേക്കാൾ വർഷത്തിൽ 11 മുതൽ 12 വരെ ദിവസങ്ങൾ കുറവാണ്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻറെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സുപ്രധാനമായ തീരുമാനം കൈകൊണ്ടത്.