Gulf

സാമ്പത്തിക ഇടനാഴി കരാര്‍ പ്രധാന നേട്ടം; സൗദിയുടെ സമീപകാല നേട്ടങ്ങൾ വിവരിച്ച് കിരീടാവകാശി

സൗദിയുടെ വിദേശ ബന്ധങ്ങളും വികസനവും വിശദീകരിച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി കരാര്‍ സമീപ കാലത്ത് ഉണ്ടായ പ്രധാന നേട്ടങ്ങളില്‍ ഒന്നാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. സൗദി ശൂറാ കൌണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ചെയ്ത പ്രസംഗം സൗദിയുടെ സമഗ്രമായ ആഭ്യന്തര-വിദേശ നയങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു. ഗസ്സയിലെ ദുരിതങ്ങള്‍ ലഘൂകരിക്കുകയും സമാധാനപരമായ പരിഹാരം കാണുകയും വേണമെന്ന് കിരീടാവകാശി പറഞ്ഞു. ആഗോള എണ്ണവിപണിയുടെ സന്തുലിതാവസ്ഥയും, യുവാക്കളുടെ ശാക്തീകരണവും, അഴിമതിക്കും ഭീകരവാദത്തിനെതിരായ പോരാട്ടവുമെല്ലാം പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. കൊവിഡിന് ശേഷം അതിവേഗം തിരിച്ചുവരാന്‍ സൗദിക്ക് സാധിച്ചു. കഴിഞ്ഞ വര്ഷം 18 ലക്ഷം തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിച്ചു. ഒരു കോടി തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചു. വിഷന്‍ 2030-ന്റ്റെ ഭാഗമായി നിരവധി പദ്ധതികള്‍ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഖകലകളില്‍ പല പദ്ധതികളും നടപ്പിലാക്കി. ലോകബാങ്കിന്‍റെ ഗ്ലോബല്‍ ലോജിസ്റ്റിക്സ് സൂചികയില്‍ രാജ്യം 17 റാങ്കുകള്‍ മുന്നേറി.

സ്വകാര്യ നിക്ഷേപത്തിന് കൂടുതല്‍ അവസരം നല്‍കിയതോടെ കായിക മേഖലയില്‍ വലിയ കുതിച്ചു ചാട്ടം തന്നെയുണ്ടായി. 2030-ല്‍ എക്സ്പോയ്ക്കും, 2034-ല്‍ ലോകകപ്പ് ഫൂട്ബാളിനും ഡാക്കര്‍ റാലി, ഫോര്‍മുല 1 തുടങ്ങിയവയ്ക്കും വേദിയാകാന്‍ സൗദിക്ക് അവസരം ലഭിച്ചതു ആഗോള തലത്തില്‍ ലഭിക്കുന്ന അംഗീകാരങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

ടൂറിസം മേഖലയില്‍ ഈ വര്ഷം 64 ശതമാനം വളര്‍ച്ച കൈവരിച്ചു. ഇന്ത്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട ധാരണാ പത്രത്തില്‍ ഒപ്പ് വെക്കാനായത് പ്രധാനപ്പെട്ട നേട്ടമാണ്. ചൈനയുടെ മധ്യസ്ഥതയില്‍ ഇറാനുമായുള്ള ബന്ധം പുനസ്ഥാപിക്കാനായതും സമീപ കാലത്തുണ്ടായ പ്രധാനപ്പെട്ട നേട്ടമാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.