Gulf

റഷ്യ-യുക്രൈന്‍ സംഘര്‍ഷം; പരിഹാര ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് സൗദി

യുക്രൈന്‍ സംഘര്‍ഷങ്ങള്‍ക്ക് സമാധാന പരിഹാരം കാണാനുള്ള മുഴുവന്‍ ശ്രമങ്ങളെയും സൗദി അറേബ്യ പിന്തുണയ്ക്കുമെന്ന് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിടയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സംവാദം ആവശ്യമാണ്. സുരക്ഷയും സ്ഥിരതയും പുനസ്ഥാപിക്കാന്‍ സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിച്ച് യുദ്ധം അവസാനിപ്പിക്കണമെന്നാണ് സൗദിയുടെ താത്പര്യമെന്നും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ആഗോള ക്രൂഡ് ഓയില്‍ വിപണിയില്‍ സന്തുലനവും സ്ഥിരതയും നിലനിര്‍ത്തണം. ഇതാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. ഇക്കാര്യത്തില്‍ ഒപെക് പ്ലസ് കരാറിന് കഴിയും. അതുകൊണ്ടുതന്നെ കരാര്‍ നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്നും സൗദി കിരീടാവകാശി പറഞ്ഞു.

അതിനിടെ ക്രൂഡ് ഓയില്‍ വ്യാപാരത്തിന് യുഎസ് ഡോളറിന് പകരം ചൈനീസ് കറന്‍സി സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി.