Gulf

വൈറസ് സാന്നിധ്യം; ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ

ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ചെമ്മീന്‍ ഉല്‍പന്നങ്ങളില്‍ വൈറ്റ് സ്‌പോട്ട് സിന്‍ഡ്രോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് താത്ക്കാലിക വിലക്കേര്‍പ്പെടുത്താന്‍ തീരുമാനം.

രാജ്യത്തിന് പുറത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ചെമ്മീന്‍ ഉള്‍പ്പെടെയുള്ള സമുദ്രഭക്ഷ്യസാധനങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിര്‍ദേശിച്ചതായി അതോറിറ്റി അറിയിച്ചു. സാമ്പിളുകളുടെ പരിശോധനയില്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീന്‍ ഉല്‍പന്നങ്ങളില്‍ വൈറസ് അടങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്.

മറ്റ് സമുദ്രഭക്ഷ്യ വസ്തുക്കളിലേക്ക് കൂടി വൈറസ് പടരാതിരിക്കാന്‍ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ മതിയായ ഉറപ്പ് നല്‍കുന്നതുവരെ നിരോധനം തുടരുമെന്നാമണ് എസ്എഫ്ഡിഎയുടെ നിലപാട്. നിലവില്‍ കണ്ടെത്തിയിരിക്കുന്ന വൈറസ് അതേസമയം ചെമ്മീനുകളെ ബാധിക്കുന്നതാണെങ്കിലും മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നതല്ല. നേരത്തെ സമാനമായി ഫ്രാന്‍സില്‍ നിന്നുള്ള കോഴിയിറച്ചി ഉള്‍പ്പെടെയുള്ള മാംസവസ്തുക്കളുടെ ഇറക്കുമതിക്ക് സൗദി താത്ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു.