Gulf

ഖത്തറില്‍ സ്കൂളുകള്‍ക്ക് പുതിയ മാനദണ്ഡം; മുപ്പത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ക്ലാസില്‍ പ്രവേശനം

ഖത്തറില്‍ സ്കൂളുകള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്തി.

ഖത്തറില്‍ സ്കൂളുകള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്തി. മുപ്പത് ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ഓരോ ദിവസവും ക്ലാസില്‍ നേരിട്ടെത്താന്‍ അനുമതിയുള്ളൂ. ബാക്കിയുള്ളവര്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ നല്‍കും. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികളും സ്കൂളുകളില്‍ ഹാജരാകേണ്ടതില്ല.

സെപ്തംബര്‍ ഒന്ന് മുതല്‍ മൂന്ന് ഘട്ടങ്ങളിലായി സ്കൂളുകള്‍ തുറക്കാനായിരുന്നു നേരത്തെ ഖത്തര്‍ വിദ്യാഭ്യാസമമന്ത്രാലയം തീരുമാനിച്ചിരുന്നത്. എന്നാല്‍ രോഗവ്യാപനം പൂര‍്ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലാണ് വിദ്യാരാംഭ നടപടികളില്‍ മാറ്റം വരുത്തിയത്. പുതിയ തീരുമാനമനുസരിച്ച് ഒരു ക്ലാസ് റൂമിന്‍റെ മൊത്തം ശേഷിയുടെ മുപ്പത് ശതമാനം കുട്ടികള്‍ മാത്രമേ ഒരു ദിവസം ക്ലാസില്‍ ഹാജരാകാവൂ. ബാക്കിയുള്ളവര്‍ വീടുകളിലിരുന്ന് നിലവിലുള്ളത് പോലെ ഓണ്‍ലൈന്‍ ക്ലാസുകളെ തന്നെ ആശ്രയിക്കണം. 15 കുട്ടികളിലധികം ഒരു ക്ലാസ് മുറിയില്‍ ഉണ്ടാകാന്‍ പാടില്ല. അങ്ങനെ വരുമ്പോള്‍ ഒരു വിദ്യാര്‍ത്ഥി ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ സ്കൂളിലെത്തേണ്ടതുള്ളൂ. സ്കൂളിലെത്തുന്ന മുപ്പത് ശതമാനം കുട്ടികള്‍ തന്നെ 1.5 മീറ്റര്‍ സാമൂഹിക അകലം പാലിച്ചും മറ്റ് കോവിഡ് സുരക്ഷാ മുന്‍കരുതല്‍ വ്യവസ്ഥകള്‍ പൂര്‍ണമായും സ്വീകരിച്ചും മാത്രമേ ക്ലാസിലെത്താവൂ.

അര്‍ദ്ധവാര്‍ഷിക പരീക്ഷകളും വാര്‍ഷിക പരീക്ഷകളും സ്കൂളുകളില്‍ വെച്ച് തന്നെ നടത്താം. പക്ഷെ കോവിഡ് പ്രോട്ടോകള്‍ കൃത്യമായി പാലിക്കപ്പെടണം. സെപ്തംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ആദ്യ മൂന്ന് ദിനങ്ങളില്‍ സ്കൂളുകളില്‍ പാലിക്കേണ്ട കോവിഡ് പ്രോട്ടോകോളിനെ കുറിച്ചുള്ള ക്ലാസുകളും ബോധവല്ക്കരണവുമാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികളോ ഹൃദ്രോഗമുള്ള മാതാപിതാക്കളുടെ കുട്ടികളോ സ്കൂളില്‍ ഹാജരാകേണ്ടതില്ല. രോഗം ഭേദമായെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഇവര്‍ക്ക് സ്കൂളില് പ്രവേശിക്കാം. എന്നാല്‍ വാര്‍ഷിക പരീക്ഷകള്‍ക്ക് ഇത്തരം കുട്ടികള്‍ക്കും പങ്കെടുക്കാം.