Gulf

കേന്ദ്ര തീരുമാനം നടപ്പാക്കാൻ കേരളം വിസമ്മതിക്കുന്നതിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുളളവർക്ക് ക്വാറന്‍റൈൻ ആവശ്യമില്ലെന്ന കേന്ദ്ര തീരുമാനം നടപ്പാക്കാൻ കേരളം വിസമ്മതിക്കുന്നതിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തം. നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ ക്വാറന്‍റൈൻ ആവശ്യമില്ലെന്ന കേന്ദ്രതീരുമാനം കേരളത്തിലും നടപ്പാക്കണമെന്ന് പ്രവാസ ലോകം ആവശ്യപ്പെടുന്നു.

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് വോട്ട് ചെയ്യാൻ ക്വാറന്‍റൈൻ നിബന്ധന പിൻവലിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ വിദേശത്തു നിന്നുള്ളവരുടെ കാര്യത്തിൽ നിഷേധ നിലപാടാണ് സംസ്ഥാനം തുടരുന്നതെന്ന ആക്ഷേപം ശക്തമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പ്രവാസികളുടെ എത്തുന്നത് തടയുകയെന്ന ലക്ഷ്യം പിന്നിലുണ്ടെന്നാണ് യു.ഡി.എഫ് പോഷക സംഘടനകളുടെ കുറ്റപ്പെടുത്തൽ.

മൂന്നു ദിവസത്തിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റിന്‍റെ നെഗറ്റീവ് റിസൽട്ടുമായി വരുന്ന പ്രവാസികൾക്ക് ക്വാറന്‍റൈൻ ആവശ്യമില്ലെന്നാണ് കേന്ദ്രത്തിന്‍റെ പുതിയ തീരുമാനം. ഈ മാസം അഞ്ചിനാണ് ഇതുമായി ബന്ധപ്പെട്ട സർക്കുലർ കേന്ദ്രം പുറത്തിറക്കിയത്.

അടിയന്തരാവശ്യങ്ങൾക്ക് ചുരുക്കം ദിവസങ്ങളിലേക്കായി നാട്ടിലെത്താനുള്ള പ്രവാസികളുടെ അവകാശം കൂടിയാണ് ഇതിലുടെ സംസ്ഥാന സർക്കാർ ലംഘിക്കുന്നതെന്നാണ് പ്രവാസലോകത്തെ നിയമവിദഗ്ധരും വ്യക്തമാക്കുന്നു. പ്രവാസി വിരുദ്ധ നിലപാട് തിരുത്തിക്കാൻ ശക്തമായ സമ്മർദം തുടരുമെന്ന് യു.ഡി.എഫ് അനുഭാവ കൂട്ടായ്മകൾ വ്യക്തമാക്കുന്നു.