Gulf

ഗള്‍ഫില്‍ ഏഴായിരത്തിലേറെ പുതിയ കോവിഡ് കേസുകള്‍; 70 പേര്‍ കൂടി മരിച്ചു

ഗൾഫിലെ പുതിയ കോവിഡ് കേസുകളിൽ പകുതിയും സൗദിയിലാണ്- 3402.

ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്നലെ 70 പേര്‍ മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് മരണസംഖ്യ 2764 ആയി. ഏഴായിരത്തിലേറെ പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

സൗദിയിൽ 49 ആണ് മരണം. ഒമാനിൽ ഒമ്പതും ബഹ്റൈനിൽ അഞ്ചും കുവൈത്തിൽ നാലും ഖത്തറിൽ രണ്ടും യു.എ.ഇയിൽ ഒന്നുമാണ് പുതിയ മരണങ്ങൾ. ഗൾഫിലെ പുതിയ കോവിഡ് കേസുകളിൽ പകുതിയും സൗദിയിലാണ്- 3402. ഒമാനിൽ പുതുതായി സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 1124 ആണ്. ഖത്തറിൽ 915ഉം കുവൈത്തിൽ 745ഉം പുതിയ രോഗികൾ. മറ്റു ഗൾഫ് രാജ്യങ്ങളിൽ രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

ഖത്തറിലും കുവൈത്തിലും കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്‍റെ രണ്ടാം ഘട്ടം പ്രാബല്യത്തിലായി. ഖത്തറിൽ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ ഇന്നലെ മുതല്‍ 50 ശതമാനം ജീവനക്കാര്‍ ജോലിക്കെത്തി. കുവൈത്തിൽ സർക്കാർ ഓഫീസുകളും ഭാഗികമായി പ്രവർത്തനം ആരംഭിച്ചു. ഷോപ്പിംഗ് മാളുകളിലും വാണിജ്യ സമുച്ചയങ്ങളും കൂടുതൽ സജീവമായി.

കുവൈത്തിൽ ക്ലിനിക്കുകളിൽ പരിശോധനക്ക് എത്തുന്നവർക്കായി ആരോഗ്യ മന്ത്രാലയം ക്യുആര്‍ കോഡ് സംവിധാനം ഏർപ്പെടുത്തി. യു.എ.ഇയിൽ എല്ലാവരെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.