ഒരു കോടി രൂപയിലധികം വിലവരുന്ന മയക്കുമരുന്നുമായി പ്രവാസി ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. മയക്കുമരുന്ന് വയറിലൊളിപ്പിച്ച് കടത്തുന്നതിനിടെയാണ് പിടിയിലായത്. ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്നിന്റെ 39 ഗുളികകളാണ് ഇയാള്‍ വയറിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ഗുളികകള്‍ക്ക് 300 ഗ്രാം ഭാരമാണുണ്ടായിരുന്നത്.
ആവശ്യം വരുമ്പോള്‍ പുറത്തെടുക്കാവുന്ന തരത്തില്‍ മയക്കുമരുന്ന് വിഴുങ്ങിയാണ് ഇയാള്‍ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിലെ ഇയാളുടെ പെരുമാറ്റം കണ്ട് പന്തികേട് തോന്നിയ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് മരുന്നുകള്‍ പിടിച്ചത്.
ചോദ്യം ചെയ്ത ഉടന്‍ തന്നെ ഇയാള്‍ കുറ്റം സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ ഉദ്യോഗസ്ഥര്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെത്തിക്കുകയും എക്‌സറേ എടുപ്പിക്കുകയും ചെയ്തു. വയറ്റില്‍ മയക്കുമരുന്നുള്ളതായി എക്‌സറേയില്‍ വ്യക്തമാകുകയായിരുന്നു.
ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പിടിയിലായ പ്രവാസി ഏത രാജ്യക്കാരനാണെന്നോ പേര് അടക്കമുള്ള മറ്റ് വിവരങ്ങളോ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ മയക്കുമരുന്ന് എത്തിച്ച് കൊടുക്കാന്‍ മാത്രം നിയോഗിക്കപ്പെട്ടയാളാണ് എന്നാണ് അധികൃതരുടെ കണ്ടെത്തല്‍. ഇയാളെ ഉടന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കും.