Gulf

യുഎഇ ഷെയ്ഖ് സായിദ് ചാരിറ്റി മാരത്തോൺ കേരളത്തിലേക്ക്; ചർച്ച നടത്തി മുഖ്യമന്ത്രി

യുഎഇ സ്ഥാപക പിതാവ് ഷെയ്ഖ് സായിദിന്റെ സ്മരണാർഥം നടത്തുന്ന സായിദ് ചാരിറ്റി മാരത്തോണിന് ഇത്തവണ കേരളം വേദിയാവും. മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ അധികൃതരുമായി ചർച്ച നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ചാരിറ്റി മാരത്തോൺ സംഘടിപ്പിക്കുന്നത്. 

യുഎഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദിന്റെ ബഹുമാനാർത്ഥം നടക്കുന്ന സായിദ് ചാരിറ്റി മാരത്തോണിന് ഇന്ത്യ ആദ്യമായാണ് വേദിയാവുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ അധികൃതരുമായി ചർച്ച നടത്തി. ആരോ​ഗ്യമേഖലയുടെ പുരോ​ഗതിയ്ക്കാവശ്യമായ ധനസമാഹരണം ലക്ഷ്യമിട്ടാണ് പരിപാടി നടക്കുക. 2005 ൽ ന്യൂയോർക്കിലാണ് മാരത്തോണിന് തുടക്കമിട്ടത്.

കേരളത്തിൽ ഈ വർഷം അവസാനം യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാകും മാരത്തോൺ നടക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ കേരളത്തെ തെരഞ്ഞെടുത്തതിൽ പിണറായി വിജയൻ സന്തോഷം രേഖപ്പെടുത്തി. ഈ ആഗോള പരിപാടിയുടെ വേദിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ കേരളത്തിന് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎഇയും ഇന്ത്യയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ വർധിപ്പിക്കുമെന്ന് അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

സായിദ് ചാരിറ്റി മാരത്തൺ ചെയർമാൻ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് ഹിലാൽ അൽ കാബി, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, സായിദ് ചാരിറ്റി മാരത്തണിന്റെ ഉന്നത സംഘാടക സമിതി അംഗങ്ങളായ ഹമൂദ് അബ്ദുല്ല അൽ ജുനൈബി, അഹമ്മദ് മുഹമ്മദ് അൽ കാബി, പ്രമുഖ വ്യവസായി എം എ യൂസഫലി തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.