സാമ്പത്തിക പ്രതിസന്ധിയെ ഇന്ത്യ എളുപ്പം മറികടക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ. കോവിഡ് വ്യാപനത്തെ തുടർന്നുള്ള പ്രയാസങ്ങൾ ഫെബ്രുവരിയോടെ അവസാനിക്കുമെന്നും മന്ത്രി. ദുബൈ, നോർത്തേൺ എമിറേറ്റുകളിലെ ഇന്ത്യൻ പ്രവാസി സംഘടന നേതാക്കളുമായി ഓൺലൈനിൽ സംവദിക്കുകയായിരുന്നുവെന്നും മന്ത്രി ജയശങ്കർ.
ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് വിദേശകാര്യ മന്ത്രി പ്രതികരിച്ചു. രാജ്യത്തിന്റെ മുന്നേറ്റത്തിന് ശക്തി പകരാൻ പുറം രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് വലിയ പങ്കു വഹിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മൂലം തിരിച്ചെത്തിയ ഇന്ത്യക്കാർക്ക് അധികം വൈകാതെ ഗൾഫിലേക്ക് മടങ്ങാനാകും. യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിൽ നടന്ന സന്ദർശനം ഉഭയകക്ഷി സഹകരണ രംഗത്ത് നിർണായകമായെന്നും മന്ത്രി വ്യക്തമാക്കി. പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഇന്ത്യൻ സംഘടന പ്രതിനിധികൾ മന്ത്രിക്ക് മുമ്പാകെ ധരിപ്പിച്ചു. യു.എ.ഇയിൽ കോവിഡ് ബാധിച്ചു മരണപ്പെട്ട നൂറുകണക്കിന് ഇന്ത്യക്കാരുടെ കുടുംബാംഗങ്ങൾക്ക് അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കണമെന്ന ആവശ്യം വിവിധ നേതാക്കൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.
സ്പോൺസർമാരിൽ നിന്ന് പ്രയാസം നേരിടുന്ന ഗാർഹിക ജോലിക്കാർക്ക് കോൺസുലേറ്റ് മേൽനോട്ടത്തിൽ അഭയകേന്ദ്രം ഒരുക്കണമെന്ന് കെ.എം.സി.സി യു.എ.ഇ പ്രസിഡന്റ് പുത്തൂർ റഹ്മാൻ ആവശ്യപ്പെട്ടു. ദുബൈക്ക് പുറമെ ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ ഔദ്യോഗിക ഇന്ത്യൻ കൂട്ടായ്മകളുടെ നേതാക്കളും പ്രവാസി പ്രശ്നങ്ങൾ മന്ത്രിക്കു മുമ്പാകെ ഉന്നയിച്ചു. ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരിയും വെർച്വൽ യോഗത്തിൽ സന്നിഹിതനായിരുന്നു.