സമഗ്ര വനവത്ക്കരണ പദ്ധതി നടപ്പിലാക്കാനൊരുങ്ങി റിയാദ്. ‘ഗ്രീന്‍ റിയാദ്’ പദ്ധതിയുടെ ഭാഗമായി 6,23,000 മരങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. 54 പൂന്തോട്ടങ്ങള്‍, 61 സ്‌കൂളുകള്‍, 121 പള്ളികള്‍, 78 പാര്‍ക്കിങ് സ്‌പേസുകള്‍ എന്നിവിടങ്ങളിലായാണ് മരങ്ങള്‍ നടുന്നത്. ആകെ 120ലധികം റസിഡന്‍ഷ്യല്‍ ഏരിയകളിലാണ് അന്താരാഷ്ട്ര നിലവാരത്തില്‍ പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത്.
പദ്ധതിയുടെ നടത്തിപ്പിനൊപ്പം പൊതുജനങ്ങള്‍ക്ക് മരങ്ങള്‍ നടുന്നതിനുള്ള ബോധവത്ക്കരണവും ക്യാമ്പെയിനുകളും നടത്തും. ഈ മാസം 29 മുതല്‍ ജനുവരി ഏഴ് വരെ പദ്ധതിയെ കുറിച്ച് വിശദാശംങ്ങള്‍ നല്‍കുന്ന പ്രദര്‍ശനുണ്ടാകും.അല്‍ അസീസിയ, അല്‍ നസീം, അല്‍ ജസീറ, അല്‍ അരൈജ, ഖുര്‍തുബ, അല്‍ ഗദൈര്‍, അല്‍ നഖില്‍ എന്നീ പ്രദേശങ്ങളിലാണ് വനവത്ക്കരണം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷനായ കമ്മിറ്റി ഓഫ് ഗ്രാന്‍ഡ് പ്രോജക്ടുകളുടെ മേല്‍നോട്ടത്തില്‍ 2019 മാര്‍ച്ച് 19 ന് സല്‍മാന്‍ രാജാവ് സൗദി തലസ്ഥാനത്ത് ആരംഭിച്ച നാല് പദ്ധതികളില്‍ ഒന്നാണ് ഗ്രീന്‍ റിയാദ്. ലോകത്തെ ഏറ്റവും മികച്ച 100 നഗരങ്ങളില്‍ ഒന്നായി മാറാനുള്ള ശ്രമമാണ് റിയാദിന്റേത്. കൂടാതെ കിംഗ്ഡം വിഷന്‍ 2030ന്റെ ഭാഗം കൂടിയാണ് ഗ്രീന്‍ റിയാദ് പദ്ധതി. തലസ്ഥാനത്ത് ഉടനീളം 75ദശലക്ഷം മരങ്ങള്‍ ഇതിലൂടെ നട്ടുപിടിപ്പിക്കും. വായു ഗുണനിലവാരം മെച്ചപ്പെടുത്താനും താപനില കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.