Gulf

സാധാരണക്കാര്‍ക്ക് എന്നും പ്രാപ്യനായ നേതാവ്; ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ ബഹ്റൈന്‍


എന്നും ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞു നിന്ന നേതാവായിരുന്നു അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് ബഹ്‌റൈന്‍ ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍. ജനസേവനത്തിനായി മുഴുസമയവും മാറ്റിവെച്ച അദ്ദേഹം സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെയാണ് പൊതുരംഗത്ത് സജീവമായത്. അധികാരത്തില്‍ ഇരിക്കുമ്പോഴും സാധാരണക്കാരായ ജനങ്ങള്‍ക്ക് എന്നും അദ്ദേഹം പ്രാപ്യനായിരുന്നെന്ന് ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അനുസ്മരിച്ചു.

വിനയവും അര്‍പ്പണബോധവുമുള്ള ഒരു നേതാവിനെയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത്. ജനാധിപത്യ-മതേതര ചേരിയെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ രാജ്യത്ത് സമാധാനവും ക്ഷേമവും ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളുവെന്നായിരുന്നു ഉമ്മന്‍ചാണ്ടി എല്ലായിപ്പോഴും പറഞ്ഞിരുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ വിയോഗം മൂലം വേദനിക്കുന്ന കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായി ഫ്രണ്ട്‌സ് നേതാക്കള്‍ അറിയിച്ചു. മതേതര ചേരിയെ ശക്തിപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയുടെ കാഴ്ചപ്പാടുകള്‍ പിന്തുടരാന്‍ സമൂഹത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ബഹ്റൈന്‍ സന്ദര്‍ശന വേളയില്‍ ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ കേന്ദ്ര ഓഫീസ് സന്ദര്‍ശിക്കുകയും നേതാക്കളുമായും പ്രവര്‍ത്തകരുമായും ഏറെ നേരം സംവദിക്കുകയും ചെയ്തിരുന്നു ഉമ്മന്‍ചാണ്ടിയെന്നും ഭാരവാഹികള്‍ അനുസ്മരിച്ചു.